കെഎച്ച്എൻഎ മധ്യമേഖലാ സംഗമം അവിസ്മരണീയമായി
Thursday, October 20, 2016 3:21 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മധ്യമേഖലാ ഹിന്ദു സംഗമം ഗ്ലെൻവ്യൂവിലുള്ള വിൻധം ഗ്ലെൻവ്യൂ സ്യൂട്ട്സിൽ നടന്നു. മധ്യമേഖലാ സംസ്‌ഥാനങ്ങളായ ഇല്ലിനോയി, ഇന്ത്യാന, വിസ്കോൺസിൽ, മിനസോട്ട, മിസൂരി തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നുമുള്ള കുടുംബാംഗങ്ങളാണ് ഏകദിന സംഗമത്തിൽ പങ്കെടുത്തത്.

ഭജൻ, ഗണപതിപൂജ, സരസ്വതി പൂജ എന്നിവയോടെ ചടങ്ങുകൾക്ക് തുടക്കംകുറിച്ചു. ചിന്മയ മിഷന്റെ കാനഡയിൽനിന്നുള്ള ആചാര്യ സച്ചിൻ മുഖ്യാതിഥിയായി പങ്കെടുത്ത് സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇവലൂഷൻ ഓഫ് ഹാപ്പിനസ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. നാഷണൽ ട്രെയിനറും മാനേജ്മെന്റ് കൺസൾട്ടന്റുമായ ഡോ. വിക്രാന്ത് സിംഗ് തോമർ ‘ഹൗ ടു ബി എ മാസ്റ്റർ ഓഫ് ആൾ സർക്കംസ്റ്റൻസ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ചടങ്ങിൽ മിഡ്വെസ്റ്റ് മേഖലാ സംഗമം ചെയർമാൻ പ്രസന്നൻപിള്ള അധ്യക്ഷത വഹിച്ചു.

സംഗമത്തോടനുബന്ധിച്ചു നടന്ന വിമൻസ് ഫോറം സമ്മേളനത്തിൽ ഫോറം ചെയർ ഡോ. സുനിത നായർ സംസാരിച്ചു. തുടർന്ന് ജിയോപാർഡി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നാംസ്‌ഥാനം ഗോവിന്ദ് പ്രഭാകർ നേടി. പി.എസ്. നായർ, ആനന്ദ് പ്രഭാകർ എന്നിവർ ‘സ്വന്തം ഭവനത്തിൽ സ്ത്രീകളുടെ കർത്തവ്യം’, ‘നവരാത്രിയുടെ പ്രാധാന്യം’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. ‘സനാതന ധർമവും സാധാരണ ജനങ്ങളും’ എന്ന വിഷയത്തിൽ കെഎച്ച്എൻഎ സ്പിരിച്വൽ ഫോറവും എന്റെ വേദവും സംഘടിപ്പിച്ച സെമിനാർ ആനന്ദ് പ്രഭാകറും ബിജു കൃഷ്ണനും നയിച്ചു. ചടങ്ങിൽ രാധാകൃഷ്ണൻ നായർ, ഉമാ രാജ അനിലാൽ ശ്രീനിവാസൻ, ശ്യാം പരമേശ്വരൻ എന്നിവർ അവതരിപ്പിച്ച കാവ്യസന്ധ്യയും അരങ്ങേറി.

2017 ദേശീയ ഹിന്ദു സംഗമത്തിന്റെ ശുഭാരംഭവും സംഗമത്തോടനുബന്ധിച്ച് നടന്നു. ശുഭാരംഭത്തിന്റെ ഉദ്ഘാടനം കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ നിർവഹിച്ചു. ചടങ്ങിൽ മധ്യമേഖലാ ഹിന്ദുസംഗമം ചെയർമാൻ പ്രസന്നൻപിള്ള, സെക്രട്ടറി രാജേഷ് കുട്ടി, ട്രഷറർ സുദർശന കുറുപ്പ്, കൺവൻഷൻ ജനറൽ കൺവീനർ സതീശൻ നായർ, മിഡ്വെസ്റ്റ് കൺവൻഷൻ കൺവീനർ എം.എൻ.സി നായർ, ജോയിന്റ് ട്രഷറർ രഘുനാഥൻ നായർ, ബോർഡ് മെംബർമാരായ പി.എസ്. നായർ, വി. ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ്, ട്രസ്റ്റി മെംബർമാരായ രാധാകൃഷ്ണൻ, ശിവൻ മുഹമ്മ, വിനോദ് വരപ്രവൻ, അരവന്ദ് പിള്ള, സുധീർ പ്രയാഗ, വിമൻസ് ഫോറം ചെയർ സുനിതാ നായർ, മുൻ പ്രസിഡന്റുമാരായ അനിൽകുമാർ പിള്ള, ടി.എൻ. നായർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. വിവിധ പരിപാടികൾക്ക് ലക്ഷ്മി വാര്യരും ലക്ഷ്മി നായരും നേതൃത്വം നൽകി. അനിലാൽ ശ്രീനിവാസൻ, അരവിന്ദ് പിള്ള, ദേവി ജയൻ തുടങ്ങിയവർ എംസിമാരായിരുന്നു. സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം ആദ്യപ്രതി ഡോ. വിക്രാന്ത് സിംഗിനു സുവനീർ എഡിറ്റർ മഹേഷ് കൃഷ്ണൻ നൽകി നിർവഹിച്ചു. സംഗമത്തോടനുബന്ധിച്ച് പ്രസിഡന്റ് സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം നടന്നു. വിവിധ വിഷയങ്ങളിൽ ചർച്ചയും നടന്നു. മുൻ പ്രസിഡന്റും ബൈലോ ചെയർമാനുമായ മൻമഥൻ നായർ ബൈലോ സംബന്ധമായ ചർച്ചകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം