സ്വിറ്റ്സർലൻഡ് മലയാളികൾ ഏറ്റവും കൂടുതൽ പറഞ്ഞ പേരാണ് തോമസ് മൂക്കനാംപറമ്പിൽ
Friday, October 21, 2016 4:03 AM IST
സൂറിച്ച്: ഓണക്കാലമായാൽ സ്വിറ്റ്സർലൻഡിലെ മലയാളികൾ ഏറ്റവും കൂടുതൽ പറയുന്ന പേര് മറ്റാരുടെയുമല്ല, ചാലക്കുടി പേരാമ്പ്ര പരേതരായ ലോനപ്പന്റെയും അന്നമ്മയുടെയും മകൻ തോമസ് മൂക്കനാംപറമ്പിലിന്റെതാണ്.

കഴിഞ്ഞ 33 വർഷമായി സ്വിറ്റ്സർലൻഡിലെ ഓണാഘോഷങ്ങളിൽ മഹാബലിയായി വേഷമിട്ട തോമസിന്റെ റിക്കാർഡിനെ മറികടക്കാൻ മറ്റൊരു മലയാളിക്ക് സാധിച്ചിട്ടുണ്ടോ എന്നറിയില്ല. സ്വതവേ നാടകത്തിൽ അഭിനയിക്കുവാൻ ആഗ്രഹമുണ്ടായിരുന്ന തോമസിന് സ്‌ഥിരമായി ലഭിച്ചിരുന്ന വേഷങ്ങൾ ഭ്രാന്തൻ, അപ്പൻ, വല്യപ്പൻ എന്നീ വേഷങ്ങളായിരുന്നു.

എന്നാൽ സ്വിറ്റ്സർലൻഡിലെ ഒരു സംഘടനയുടെ ഓണാഘോഷത്തിന് സദ്യയുണ്ണാൻ പോയതോടെയാണ് തോമസിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നത്. അതിന്നും തുടരുന്നു.

ഓണസദ്യയുണ്ടുകൊണ്ടിരിക്കുമ്പോൾ സംഘാടകരിൽ ചിലർ ഹാളിലൂടെ പരക്കംപാഞ്ഞ് ആരെയോ തിരയുന്നത് തോമസിന്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ കാര്യം എന്തെന്ന് തോമസിന് പിടികിട്ടിയതുമില്ല. അവസാനം ഒപ്പം ഊണുകഴിക്കുവാൻ വന്ന സുഹൃത്തു വഴിയാണ് തോമസ് വിവരം അറിയുന്നത്. മാവേലിയായി വേഷമിട്ട ആൾ ഏതോ ഭാരവാഹിയോടുള്ള അരിശം തീർത്ത് ഊണുകഴിഞ്ഞതും പുറകിലത്തെ വാതിലുവഴി മുങ്ങുകയായിരുന്നു. ഒടുവിൽ സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി തോമസ് അന്ന് മാവേലിയായി വേഷമിട്ടു. അത് 33 വർഷത്തെ നീണ്ട റിക്കാർഡ് ആയി മാറി.

അതേസമയം തന്റെ എൺപതാമത്തെ വേഷം പൂർത്തിയാക്കാൻ കഴിയാത്ത വിഷമത്തിലാണ് തോമസ്. അമ്മയുടെ വേർപാടാണ് തോമസിനെ ഇതിൽനിന്നും പിന്തിരിപ്പിച്ചത്.

നന്നേ കുട്ടിയായിരിക്കുമ്പോൾ അധ്യാപകനാകാൻ ആഗ്രഹിച്ച തോമസ് ഐടി ഐയിൽ ഫിറ്റർ കോഴ്സ് പാസായി അഹമ്മദാബാദിൽ ആദ്യ ജോലി കരസ്‌ഥമാക്കി. പിന്നെ ഗൾഫ് മോഹവുമായി മുംബൈയിലേക്ക് വണ്ടി കയറി. പക്ഷേ ഭാഗ്യം തുണച്ചില്ല. നാലു വർഷം കഴിഞ്ഞ് തിരികെ നാട്ടിലെത്തി ഐടിസി അധ്യാപകനായി. തുടർന്നു വിവാഹശേഷം സ്വിറ്റ്സർലൻഡിലെത്തി. 2013 ൽ പെൻഷനായ തോമസ്് ഭാര്യ റോസി മക്കളായ അന്ന, മേരി (ബിജോ മോഹൻ), ലൗലി (അഭിലാഷ് പെരുമ്പള്ളിൽ), തെരേസ കൊച്ചുമക്കൾ എന്നിവരോടൊപ്പം വിശ്രമജീവിതം നയിച്ചുവരുന്നു.

പാട്ടുകൾക്ക് പാരടി പാടുകയെന്നത് തോമസിന്റെ ഇഷ്‌ട വിനോദങ്ങളിലൊന്നാണ്. നാടൻ പാട്ടുകളും പാരഡികളും കവിതകളുമായി തോമസിന് സ്വന്തമായി ഒരു സൗഹൃദ വേദി തന്നെയുണ്ട്. കവിയായ ബേബി കാക്കശേരി, പോൾസൺ ചിറയത്ത്, ഏബ്രഹാം കളരിമാക്കൽ, ജോണി അറയ്ക്കൽ, സജി കുരിയക്കാട്ടിൽ, പോൾ കിടങ്ങത്തുപറമ്പിൽ, പാപ്പച്ചൻ വെട്ടിക്കൽ, ടോം കുളങ്ങര, പോൾ വലിയവീട്ടിൽ, അഗസ്റ്റിൻ പരണിക്കുളങ്ങര തുടങ്ങിയവരടങ്ങുന്ന ഒരു നർമ വേദിയാണ് അദ്ദേഹത്തോടോപ്പമുള്ളത്. പ്രമുഖ മാധ്യമ പ്രവർത്തകനായ രൺജി ഊടുപുഴയിലും തോമസിന് പ്രോത്സാഹനം നൽകി വരുന്നു. തന്റെ ജീവിതത്തിൽ താൻ കണ്ട ഏറ്റവും ലക്ഷണമൊത്ത മാവേലി തോമസ് ആണെന്ന് കവിയും തോമസിന്റെ സ്‌ഥിരം മേക്കപ്പ്മാനുമായ ബേബി കാക്കശേരി തറപ്പിച്ചു പറയുന്നു. മഹാബലിക്ക് പുറമേ 20 ഓളം ആഘോഷങ്ങളിൽ സാന്റാക്ലോസ് ആയും തോമസ് വേഷമിട്ടിട്ടുണ്ട്. ചെറുപ്പം മുതൽ താനാഗ്രഹിച്ചതൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും എന്നാൽ ആഗ്രഹിക്കാത്തതെല്ലാം നൽകി ദൈവം എന്നും അനുഗ്രഹിക്കുകയാണ് ജീവിത അനുഭവം എന്ന് തോമസ് ഓർക്കുന്നു.

ഈ അസാധാരണ ഭാഗ്യത്തെപ്പറ്റി ചോദിക്കുമ്പോൾ തന്റെ പിതാവിന്റെ ഉപദേശം തോമസ് എപ്പോഴും ഓർമിപ്പിക്കുന്നു; അപരന് ഉപകാരപ്പെടാത്ത നേരം നീ ആഹാരം കഴിക്കരുത്. കാരണവന്മാരെ ബഹുമാനിക്കണം. ഉള്ളതിൽ നിന്ന് ദാനം ചെയ്യണം. നിന്നെ ഉപദ്രവിക്കുന്നവനോട് ക്ഷമിക്കണം.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ