നോട്ടിംഗ് ഹാമിൽ യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡസ് കലാമേള 22ന്
Friday, October 21, 2016 4:04 AM IST
ലണ്ടൻ: യുക്മ മിഡ്ലാൻഡസ് റീജണൽ കലാമേള ഒക്ടോബർ 22ന് (ശനി) നോട്ടിംഗ്ഹാമിലെ റൂഷ് ക്ലിഫി ലെഷർ സെന്ററിൽ നടക്കും. ഇതു രണ്ടാം തവണയാണ് നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.

കലാ, കായിക രംഗത്ത് യുക്മ ചാമ്പ്യൻ പട്ടം നിലനിർത്തുന്ന റീജൺ യുക്മയിലെ ഏറ്റവും നല്ല റീജണിനുള്ള ഗോൾഡൻ ഗാലക്സി അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. നവംബർ അഞ്ചിനു നടക്കുന്ന ദേശീയ കലാമേളയും മിഡ്ലാൻഡ്സ് റീജണിലെ കവൻട്രിയിൽ നടക്കപ്പെടുന്നതിനാൽ അവസരം പരമാവധി പ്രയോജനപ്പെടുത്തി ചാമ്പ്യൻഷിപ്പ് നിലനിർത്തുവാനുള്ള തയാറെടുപ്പിലാണ് റീജണിലെ അംഗ അസോസിയേഷനുകൾ.

അസോസിയേഷനുകളുടെ പങ്കാളിത്തം കൊണ്ടും മൽസരാർഥികളുടെ ഏണ്ണം കൊണ്ടും മിഡ്ലാൻഡസ് റീജൺ ഇക്കുറിയും ചരിത്രം കുറിക്കും. മുൻ വർഷങ്ങളിലെ അപേക്ഷിച്ച് മത്സരാർഥികളുടെ എണ്ണത്തിൽ ഉള്ള വർധന കണക്കിലെടുത്ത് മേള കൃത്യസമയത്തുതന്നെ തുടങ്ങുമെന്ന് റീജണൽ കമ്മിറ്റി അറിയിച്ചു. രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് മൂന്നു വേദികളിലായി ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി ഒൻപതോടെ കലാമേള അവസാനിക്കും.

വിലാസം: RUSHCLIFE LEISURE CENTR, BOUNDARY ROAD, NG2 7BY.