ബ്ലൈൻഡ് വാക്ക് സംഘടിപ്പിച്ചു
Friday, October 21, 2016 4:12 AM IST
ബംഗളൂരു: ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ബംഗളൂരുവിൽ ബ്ലൈൻഡ് വാക്ക് സംഘടിപ്പിച്ചു. കാഴ്ചവൈകല്യമുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രോജക്ട് വിഷന്റെ നേതൃത്വത്തിൽ ബംഗളൂരുവിലെ വിവിധ എൻജിഒകളുടെ സഹകരണത്തോടെയാണ് ബ്ലൈൻഡ് വാക്ക് സംഘടിപ്പിച്ചത്. ഉച്ചകഴിഞ്ഞ് 3.30ന് കോറമംഗല സെന്റ് ജോൺസ് ഹോസ്പിറ്റലിൽ നിന്നാരംഭിച്ച ബ്ലൈൻഡ് വാക്ക് ഫോറം മാളിനു സമീപം അവസാനിച്ചു. ഐപിഎസ് ഉദ്യോഗസ്‌ഥരായ ഡോ. എസ്.ഡി. ശരണപ്പ, ഡോ. എം.ബി. ബോറലിംഗയ്യ, സ്വാതന്ത്ര്യസമര സേനാനി ദൊരൈസാമി എന്നിവരുടെ നേതൃത്വത്തിൽ എഴുന്നൂറോളം പേർ കണ്ണു മൂടിക്കെട്ടി നടത്തത്തിൽ പങ്കെടുത്തു. തുടർന്ന് ഇവർ നേത്രദാന പ്രതിജ്‌ഞ ചെയ്തു. ബംഗളൂരു ആസ്‌ഥാനമായുള്ള പ്രോജക്ട് വിഷൻ കാഴ്ചദിനത്തോടനുബന്ധിച്ച് അഞ്ചു രാജ്യങ്ങളിലായി 55 സ്‌ഥലങ്ങളിലാണ് വേൾഡ് ബ്ലൈൻഡ് വാക്ക് സംഘടിപ്പിക്കുന്നത്. യുഎസ്, ചൈന, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലുമാണ് പരിപാടികൾ.