കണക്ടിക്കട്ട് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയ കൂദാശ 28,29 തീയതികളിൽ
Saturday, October 22, 2016 2:48 AM IST
കണക്ടിക്കട്ട്: 2016 ഒക്ടോബർ 28,29 എന്നീ ദിവസങ്ങളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയാ മാർ നിക്കോളവാസ് മെത്രാപ്പോലീത്ത ഓർത്തഡോക്സ് സഭയുടെ കണക്ടിക്കട്ടിലെ ആദ്യത്തെ ദേവാലയമായ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് കൂദാശ ചെയ്തു ദൈവിക ആരാധനയ്ക്കായി പ്രതിഷ്ഠിച്ച് സമർപ്പിക്കുന്നതാണ്.

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസനത്തിലെ എല്ലാ പ്രധാന പട്ടണങ്ങളിലും ഒന്നിൽ അധികം ദേവാലയങ്ങൾ ഉണ്ട്. കണക്ട്ടിക്കട്ടിൽ ഉള്ള സഭാ മക്കൾ രണ്ടും മൂന്നും മണിക്കൂറ് യാത്ര ചെയ്തായിരുന്നു ആരാധനയിൽ സംബന്ധിക്കുവാൻ ന്യൂയോർക്ക്, ന്യൂജേഴ്സി, മസാച്യുസെറ്റ്സ് എന്നിവിടങ്ങളിൽ പോയിക്കൊണ്ടിരുന്നത്. ഇതിനു പരിഹാരമായി കണക്ടിക്കട്ടിലെ സഭാ മക്കൾ ഒത്തു ചേർന്നു ഒരു ഇടവക രൂപീകരിക്കുവാനുള്ള ശ്രമം ആരംഭിച്ചു. ഇതിന്റെ ഫലമായി 2010–ൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ആയിരുന്ന പുണ്യശ്ലോകനായ മാത്യൂസ് മാർ ബർന്നാസ് മെത്രാപ്പോലീത്താ കണക്ടിക്കട്ടിലെ ആദ്യത്തെ മലങ്കര ഓർത്തഡോക്സ് ഇടവകയ്ക്കു അനുവാദം നൽകി.

2010 സെപ്റ്റംബർ പതിനൊന്നിനു അഭിവന്ദ്യ മാത്യൂസ് മാർ ബർണബാസ് മെത്രാപ്പോലീത്തയുടെയും അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയും വർഗീസ് ഡാനിയേൽ അച്ചൻ വികാരി ആയിരിക്കെ കണക്ടിക്കട്ടിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പ്രതിഷ്ഠയും, പ്രഖ്യാപനവും ഉദ്ഘാടനവും നടത്തി. വി. കുർബാനയും അർപ്പിച്ചു. സ്വന്തമായി ദേവാലയം ഇല്ലാതിരുന്നതിനാൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി വിവിധ എപ്പിസ്കോപ്പൽ പള്ളികളിലായി അഭിവന്ദ്യരായ ഫാ. വർഗീസ് ഡാനിയേൽ, ഫാ. ഫിലിപ്പോസ് സക്കറിയ, ഫാ. ആൻഡ്രൂ ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ആരാധന നടത്തി വരുന്നു.

കേവലം 25 കുടുംബങ്ങൾ മാത്രമേയുള്ളൂ എങ്കിലും എല്ലാവരുടെയും ആത്മാർത്ഥമായ സഭാ സ്നേഹവും വിശ്വാസവും സഹകരണവും വികാരി എബ്രഹാം ഫിലിപ്പ് അച്ചന്റെ അശ്രാന്ത പരിശ്രമവും വിശ്വാസികളുടെ ഉദാര സഹായങ്ങളും നിമിത്തം കണക്ടിക്കട്ടിൽ ഒരു പള്ളി പണിയുന്നതിന് സഹായകമായി. കൂദാശയ്ക്കും അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും ഇടവക മുഴുവനായും പ്രത്യേകിച്ച് ബഹു.വികാരി ഫാ. എബ്രഹാം ഫിലിപ്പ്, ട്രസ്റ്റി (അനൂപ് കെ. മാത്യു), സെക്രട്ടറി (ബ്ലെസൺ വർഗീസ്), മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ മുതലായവർ നേതൃത്വം നൽകുന്നു.

ഒക്ടോബർ 28, 29 ദിവസങ്ങളിൽ നടക്കുന്ന ദേവാലയ കൂദാശയിലും, 29 ശനിയാഴ്ച നടക്കുന്ന വി. കുർബാനയിലും അതിനെ തുടർന്നുള്ള സ്നേഹവിരുന്നിലും സംബന്ധിച്ച് ഞങ്ങളുടെ ഇടവകയെ അനുഗ്രഹിക്കണമെന്നു ഞങ്ങൾ വിനയമായി അപേക്ഷിക്കുന്നു. ദൈവമാതാവായ വിശുദ്ധ കന്യകമറിയം അമ്മയും ഇന്ത്യയുടെ കാവൽപിതാവായ മാർ തോമാശ്ലീഹായുടെയും സഭയുടെ പ.പിതാക്കന്മാരായ പരുമല മാർ ഗ്രിഗ്രോറിയോസിന്റെയും വട്ടേൾരിൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെയും പ്രാർത്ഥനയിലും മദ്ധ്യസ്‌ഥതയിലും അഭയം പ്രാപിച്ചു കൊണ്ടും ദൈവകൃപയുടെ അനുഗ്രഹത്തിനുമായി കണക്ടിക്കട്ട് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക കാത്തിരിക്കുന്നു.

റിപ്പോർട്ട്: സുസൻ മുതിരക്കാലായിൽ