ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ കെ.ഇ. ഇസ്മായിൽ സന്ദർശനം നടത്തി
Saturday, October 22, 2016 5:42 AM IST
ദമാം: സൗദിഅറേബ്യയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ മുൻമന്ത്രിയും സിപിഐ ദേശീയനേതാവും കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ കെ.ഇ. ഇസ്മായിൽ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകർക്കൊപ്പം ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ (തർഹീൽ) സന്ദർശനം നടത്തി.

സൗദി സർക്കാരിന്റെ കീഴിൽ, വിവിധ തൊഴിൽ, വീസ കേസുകളിലും പെട്ട് നാട്ടിൽ പോകാനാകാതെ നിയമകുരുക്കുകളിൽ കഴിയുന്ന വിദേശവനിതകളെ പാർപ്പിച്ചിരിക്കുന്ന അഭയകേന്ദ്രമാണ് വനിതാ തർഹീൽ. ഇന്ത്യക്കാരികൾ അടക്കം വിവിധ രാജ്യക്കാരായ നിരവധി വനിതകൾ, സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയും എന്ന പ്രതീക്ഷയുമായി ഇവിടെ കഴിയുന്നു.

തർഹീലിൽ എത്തിയ കെ.ഇ. ഇസ്മായിലിനെ, അഭയകേന്ദ്രം ഡയറക്ടറും ഉന്നതഉദ്യോഗസ്‌ഥരും ചേർന്ന് സ്വീകരിച്ചു. അന്തേവാസികളായ 23 ഇന്ത്യക്കാരികളെ നേരിട്ടു കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്ത കെ.ഇ. ഇസ്മായിൽ, അവരുടെ ആവലാതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പു നൽകി. തുടർന്ന് തർഹീൽ അധികാരികളുമായി അദ്ദേഹം ചർച്ച നടത്തി. ഇതിനെത്തുടർന്ന് മൂന്നുപേരുടെ കേസിൽ, തർഹീൽ അധികാരികളുടെ സമ്മർദ്ദത്തിൽ സ്പോൺസർമാരുമായി ഒത്തുതീർപ്പ് ഉണ്ടാക്കാൻ സാധിച്ചു. മൂന്നു പേർക്കും അടുത്ത ദിവസങ്ങളിൽ നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയും. ചർച്ചകളിൽ നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം, ജീവകാരുണ്യപ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവരും പങ്കെടുത്തു.

നവയുഗം ജീവകാരുണ്യപ്രവർത്തകർ ഇന്ത്യൻ എംബസിയുടെയും തർഹീൽ അധികൃതരുടെയും സഹായത്തോടെ വനിതാ തർഹീലിലെ സ്ത്രീകൾക്കുവേണ്ടി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ പ്രശംസിച്ച കെ.ഇ. ഇസ്മായിൽ, രണ്ടു മണിക്കൂറോളം ചെലവഴിച്ചശേഷമാണ് മടങ്ങിയത്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം