ബോൺ നാലാം വർഷത്തിലേക്ക്
Saturday, October 22, 2016 5:43 AM IST
ലണ്ടൻ: ബ്രിട്ടീഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക് (BAWN) തങ്ങളുടെ മൂന്നാമത് പിങ്ക് ജന്മദിനം സ്ത്രീത്വത്തിന്റെ ആഘോഷമാക്കി മാറ്റി. ഈസ്റ്റ് ഹാം ടൗൺ ഹാളിൽ നടന്ന ആഘോഷത്തിൽ മികവുറ്റ കലാ പരിപാടികൾ കൂടി ചേർന്നപ്പോൾ ബോൺ ന്റെ പിങ്ക് ജന്മ ദിനാഘോഷം ശ്രദ്ധേയമായി.

ബോണിന്റെ ഫൗണ്ടറും ചെയർ പേഴ്സനുമായ ഡോ. ഓമന ഗംഗാധരൻ ജന്മദിന സന്ദേശം നൽകി. സംഘടനയിലൂടെ ബ്രിട്ടനിലുള്ള ഏഷ്യൻ വനിതകളുടെ ആരോഗ്യ,സാംസ്കാരിക,സാമൂഹ്യ രംഗങ്ങളിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളും ഭാവിയിൽ വിഭാവനം ചെയ്യുന്ന കർമ പദ്ധതികളും അധ്യക്ഷ വിശദമാക്കി. പൊതു വേദികളിൽ വനിതകളുടെ അനിവാര്യമായ അവകാശ ശബ്ദമായി ‘ബോൺ’ ഉയർന്നു വരുമെന്നും ഡോ. ഓമന വ്യക്‌തമാക്കി.

ബോണിന്റെ വളർച്ച സമ്പന്നമായ ഏഷ്യൻ സാംസ്കാരിക തനിമ നിലനിർത്തുന്നതിനും വനിതകളുടെ ഉന്നമനത്തിനും ഒരുമിക്കലിനും അവകാശങ്ങൾ നേടുന്നതിനും ഭാവിയിൽ മുതൽക്കൂട്ടാവുമെന്ന് രക്ഷാധികാരി ജെറാൾഡിൻ പറഞ്ഞു.

ബ്രെസ്റ്റ് കാൻസർ ബോധവത്കരണ വേളയിൽ പങ്കെടുത്ത ഹെഡ്വിഗ് ഒരിക്കൽ തനിക്ക് ബ്രെസ്റ്റ് കാൻസർ രോഗം പിടിപെട്ടതും പിന്നീട് ഫലപ്രദമായ ചികിത്സയിലൂടെ രോഗം പൂർണമായി സുഖപ്പെട്ട സന്തോഷം സദസുമായി പങ്കുവച്ചു. പുഷ്പാലംകൃത പിങ്ക് പട്ടു തുണി വിരിച്ച പീഠത്തിൽ പ്രാർഥനാപൂർവം അർബുദ രോഗം വേർപ്പെടുത്തിയ സ്നേഹ മനസുകളുടെ ഓർമകൾ അനുസ്മരിച്ചും ആദരം അർപ്പിച്ചും മൂന്ന് പിങ്ക് മെഴുകു തിരികൾ കത്തിച്ചാണ് മൂന്നാമത് പിങ്ക് ജന്മദിനാഘോഷത്തിന് സമാപനമായത്. ഡോ.ഓമന, ഖജാൻജി എലിസബത്ത് സ്റ്റാൻലി,രക്ഷാധികാരി ജെറാൾഡിൻ ഹുക്ക,ന്യൂഹാം കൗൺസിലർ ഐഷാ ചൗധരി, സ്പോൺസർ സ്വയം പ്രോപ്പർട്ടി എംഡി ഷീബാ കുമാർ എന്നിവർ ചേർന്ന് തിരി തെളിച്ചു. ന്യൂഹാം കൗൺസിലർ ജോസ് അലക്സാണ്ടർ ആഘോഷത്തിൽ പങ്കു ചേർന്നു.

ബ്രെസ്റ്റ് കാൻസർ ചാരിറ്റി ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസുമായി ചേർന്നാണ് ബോൺ കാൻസർ റിസർച്ചിനുള്ള പ്രവർത്തന നിധി സമാഹരിച്ചത്. ന്യൂഹാമിലെ ബിസിനസുകാർ അവരുടെ വ്യവസായ ശാലകളിൽ നിന്നു നൽകിയ സമ്മാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ബോൺ മുഖ്യമായും സഹായ നിധി സമാഹരിച്ചത്. ബ്രെസ്റ്റ് ക്യാൻസർ അവബോധവുമായി പിങ്ക് വസ്ത്രങ്ങൾ ധരിച്ചെത്തിയ മെമ്പർമാർമാരോടൊപ്പം ഇളം തലമുറക്കാരായ പെൺകുട്ടികളുടെ ഒരു നീണ്ട നിര തന്നെ ചടങ്ങിൽ പങ്കെടുത്തു.

ബ്രിട്ടനിൽ ജീവിക്കുന്ന 18 വയസിനു മുകളിൽ പ്രായം ആയ ഏതൊരു വനിതക്കും ബോണിൽ മെംബർഷിപ്പ് ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ