ടെക്സസിൽ ഏർലി വോട്ടിംഗ് 24ന് ആരംഭിക്കും
Saturday, October 22, 2016 6:53 AM IST
ഓസ്റ്റിൻ: അമേരിക്കൻ പൊതു തെരഞ്ഞെടുപ്പിനുളള ഏർലി വോട്ടിംഗ് ടെക്സസിൽ ഒക്ടോബർ 24ന് (തിങ്കൾ) ആരംഭിക്കും. ഡാളസ്, ടെറന്റ് കൗണ്ടി, ഡെന്റൻ തുടങ്ങിയ സ്‌ഥലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന സ്‌ഥലങ്ങളും സമയവും പ്രസിദ്ധീകരിച്ചു. നവംബർ എട്ടിനാണ് പൊതു തെരഞ്ഞെടുപ്പു നടക്കുക.

ടെക്സസ് സംസ്‌ഥാനത്ത് വോട്ട് രേഖപ്പെടുത്തുവാൻ വരുന്നവർ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. കൺസീൽഡ് ഗൺ പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങി ഏഴിനം തിരിച്ചറിയൽ കാർഡാണ് കൈവശം കരുതേണ്ടത്.

കോളജ് ഐഡി അനുവദനീയമല്ല. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ അഫിഡവിറ്റ് ഒപ്പിട്ടു നൽകണം. ഇത്തവണ കൂടുതൽ വോട്ടർമാർ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. തെരഞ്ഞെടുപ്പു ദിനമായ നവംബർ എട്ടു വരെ കാത്തിരുന്നാൽ ഒരു പക്ഷേ വോട്ട് രേഖപ്പെടുത്തുവാൻ അവസരം നഷ്‌ടപ്പെടുമോ എന്ന ഭയമാണ് നേരത്തെ വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത്.

വോട്ടിംഗ് ശതമാനത്തിൽ മുൻപന്തിയിൽ നില്ക്കുന്ന ടെക്സസ് സംസ്‌ഥാനം റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉരുക്കു കോട്ടയായിട്ടാണ് ഇതുവരെ നില നിന്നിട്ടുളളത്. ഇത്തവണ ഇതിൽ മാറ്റം വരുമോ എന്നാണ് രാഷ്ര്‌ടീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ട്രംപിന് പിന്തുണ നൽകുന്നതിന് ഗവർണർ പോലും ഇതുവരെ പരസ്യമായി മുന്നോട്ടു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ