ന്യൂയോർക്കിൽ ലാലേട്ടൻ ബൈ ശ്രീകുട്ടൻ മെഗാഷോ ഒക്ടോബർ 28ന്
Saturday, October 22, 2016 6:54 AM IST
ന്യൂയോർക്ക്: മലയാള സിനിമയിലെ അതുല്യ പ്രതിഭ ഭരത് മോഹൻലാലിന്റെ അഭിനയ ജീവിതത്തെ അടിസ്‌ഥാനമാക്കി അവതരിപ്പിക്കുന്ന കലാവിരുന്ന് ‘ടു ലാലേട്ടൻ ബൈ ശ്രീകുട്ടൻ’ എന്ന മെഗാഷോ ഒക്ടോബർ 28ന് (വെള്ളി) നടക്കും.

ന്യൂയോർക്കിലെ പർച്ചേസ് കോളജ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിനാണ് കലാവിരുന്ന് അരങ്ങേറുക.

മലയാളികളെ ഒന്നുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നിരവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ നൽകിയ അഭിനയ ചക്രവർത്തി മോഹൻലാലിന് വിദേശ മലയാളികൾ നൽകുന്ന ആദരവായാണ് മെഗാഷോ അരങ്ങേറുക.

മോഹൻലാൽ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ചലച്ചിത്രങ്ങളിലെ സംഗീതവും നൃത്തവും ഹാസ്യവും കോർത്തിണക്കിയ മെഗാഷോയിൽ

മലയാളത്തിന്റെ ഗായകൻ എം.ജി. ശ്രീകുമാർ, കാണികളിൽ ചിരിയുടെ വസന്തോത്സവം വിരിയിക്കുന്ന അനുഗ്രഹീത കലാകാരൻ രമേഷ് പിഷാരടി, നടിയും നർത്തകിയുമായ രമ്യാ നമ്പീശൻ, പ്രസിദ്ധ ഗായിക സിത്താര എന്നിവരടക്കം നിരവധി കലാപ്രതിഭകൾ പങ്കെടുക്കും.

യൊങ്കേഴ്സ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിന്റെ ധനശേഖരണാർഥം ജൂൺ 18ന് നടത്താനിരുന്ന മജിഷ്യൻ മുതുകാട് – പിഷാരടി ടീമിന്റെ മെഗാഷോ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതിനെത്തുടർന്നാണ് ‘ടു ലാലേട്ടൻ ബൈ ശ്രീകുട്ടൻ’ അവതരിപ്പിക്കുന്നത്.

റിപ്പോർട്ട്: സജി കീക്കാടൻ