അജ്‌ഞാതരോഗത്തെതുടർന്ന് ഗുരുതരാവസ്‌ഥയിലായിരുന്ന യുവാവിനെ നാട്ടിലെത്തിച്ചു
Saturday, October 22, 2016 6:56 AM IST
റിയാദ്: അജ്‌ഞാതരോഗം ബാധിച്ച ഗുരുതരാവസ്‌ഥയിലായ യുവാവിനെ കേളി കലാസാംസ്കാരിക വേദിയുടെ സഹായത്താൽ നാട്ടിലെത്തിച്ചു. രണ്ടുവർഷം മുമ്പാണ് കൊല്ലം അഞ്ചൽ സ്വദേശി വിഷ്ണു രാഘുനാഥൻ ഡ്രൈവർ വിസയിൽ അൽഖർജ്, ഹോത്തയിൽ എത്തിയത്. ഡ്രൈവർ വീസ ആണെങ്കിലും സ്പോൺസറുടെ സമ്മതത്തോടെ സ്വന്തമായി ജോലി ചെയ്തു വരുകയായിരുന്നു.

അതിനിടെ കഴിഞ്ഞ മാസം ജോലിക്കിടെ ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിർത്തി പുറത്തിറങ്ങിയപ്പോൾ പെട്ടുന്നു തളർന്നു വീഴുകയും തുടർന്ന് സുഹൃത്തുക്കൾ തൊട്ടടുത്ത ക്ലിനിക്കിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ അബോധാവസ്‌ഥയിൽ ശരീരം വിറയ്ക്കുന്നതിനാൽ (അപസ്മാരം പോലെ) ആശുപത്രിയിലേക്ക് മാറ്റാൻ ക്ലിനിക് അധികൃതർ നിർദ്ദേശിച്ചു. നാട്ടിൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് കേളി അത്തീക്ക ഏരിയ സൂഖ്മക്ക പ്രസിഡന്റ് സുഭാഷ് വിഷയത്തിൽ ഇടപെടുകയും കേളി ജീവകാരുണ്യ വിഭാഗം ചെയർമാൻ അനിൽ അറക്കലിന്റെ സഹായത്തോടെ വിഷ്ണുവിനെ സുമേഷി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്ത്രണ്ട് ദിവസം സുമേഷി ആശുപതിയിൽ കിടന്ന വിഷ്ണുവിന്റെ അസുഖത്തിന് താത്കാലിക ശമനം ഉണ്ടായെങ്കിലും രോഗംവിവരം വ്യക്‌തമാക്കാതെ ആശുപത്രി അധികൃതർ എത്രയും പെട്ടെന്ന് നാട്ടിലെത്തി വിദഗ്ധ ചികിത്സ തേടാൻ നിർദേശിക്കുകയായിരുന്നു. സ്പോൺസർ ആശുപത്രി അധികൃതരുമായി ഇടപെട്ട് ചികിത്സാചെലവിൽ കുറവുവരുത്തി.

അമ്മയും ഒരു സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് വിഷ്ണു. വിഷ്ണുവിനു നാട്ടിലേക്കു മടങ്ങുവാൻ കേളി സൂക് മക്ക യൂണിറ്റ് കണ്ടെത്തിയ ടിക്കറ്റ് കേളി രക്ഷാധികാരി കമ്മിറ്റിഅംഗം ബി.പി.രാജിവൻ നൽകി. ചടങ്ങിൽ അത്തിക്ക ഏരിയ സെക്രട്ടറി എൻ.എം. പ്രിയേഷ്, കേളി ജീവകാരുണ്യ വിഭാഗം ചെയർമാൻ അനിൽ അറക്കൽ, മൻസൂരിയ യൂണിറ്റ് പ്രസിഡന്റ് കെ.വി. ബാപ്പു, സുമേഷി യൂണിറ്റ് അംഗം ലിണ്ടൻ ജോൺസൺ എന്നിവർ പങ്കെടുത്തു. കഴിഞ്ഞദിവസം ഗൾഫ് എയർ വിമാനത്തിൽ വിഷ്ണു നാട്ടിലേക്കു മടങ്ങി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ