ജർമനിയിലെ ‘സ്വയം പ്രഖ്യാപിത രാജാവിന്റ്െ’ വിചാരണ തുടങ്ങി
Saturday, October 22, 2016 8:30 AM IST
ബർലിൻ: ജർമനിയുടെ ഭരണഘടനയെയും നിയമങ്ങളെയും വെല്ലുവിളിച്ച് ‘ജർമനിയിലെ രാജാവ്’ ആണെന്നു സ്വയം പ്രഖ്യാപിച്ചു പ്രവർത്തനം നടത്തിവന്ന പീറ്റർ ഫിറ്റ്സെക്കിന്റെ വിചാരണ ഒക്ടോബർ 21 ന് ഹാള്ളെ ജില്ലാ കോടതിയിൽ ആരംഭിച്ചു.

ജർമനിയുടെ സുപ്രീം പരമാധികാരി എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ച് ആളുകളെ ആകർഷിച്ചിരുന്നത്. ഇതിനായി ഇയാൾ സ്വന്തം തിരിച്ചറിയൽ കാർഡും ഡ്രൈവിംഗ് ലൈസൻസും സയം നിർമിക്കുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ ബാങ്കിംഗ് ആക്ട് പ്രകാരം 28 കുറ്റങ്ങളാണ് പ്രോസിക്യൂഷൻ നിരത്തിയിരിക്കുന്നത്. കൂടാതെ ഇയാൾ ഇൻവെസ്റ്ററാണെന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ടടന്നും നിക്ഷേപകർക്ക് ഉയർന്ന പലിശ നൽകുമെന്നും കാണിച്ച് ഓൺലൈൻ വഴി പരസ്യം നൽകി 17 ലക്ഷം യൂറോയുടെ തട്ടിപ്പും നടത്തിയതായി പോലീസ് കണ്ടടത്തിയിരുന്നു. ഇതിൽ 13 ലക്ഷവും ഇയാൾ ചെലവഴിച്ചതായും പ്രോസിക്യൂഷൻ മേധാവി ഹൈക്കെ ഗെയർ കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം ജർമനിയിലെ സാക്സൺ അൻഹാൾട്ട് സംസ്‌ഥാനത്തിലെ വിറ്റൻബെർഗ് സ്വദേശിയും 51 കാരനുമായ ഫിറ്റ്സെക്ക് കോടതിയിൽ നിഷേധിച്ചെങ്കിലും ഒടുവിൽ പൊട്ടിക്കരഞ്ഞു. പരിചയസമ്പന്നനായ ഷെഫ്, മുൻ വീഡിയോ സ്റ്റോർ ഉടമയും കരാട്ടെ അധ്യാപകനുമാണ് ഇദ്ദേഹം.

‘ഞാൻ ദൈവത്തിന്റെ വിശ്വസ്ത ദാസൻ’ എന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞിരിക്കുന്നത്.

നാലു മക്കളുടെ പിതാവായ ഇയാൾ നഗരാധിപനാവാനും പാർലമെന്റ് അംഗമാവാനും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് 2012 മുതലാണ് സ്വയം രാജാവായി (Königreich Deutschland) ഇയാൾ പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് ഇയാൾ കുറെ അനുയായികളെയും സൃഷ്ടിച്ചു. ഏതാണ്ട് 558 നിക്ഷേപകർ ഇയാൾക്ക് പണം നൽകിയിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ