മാവേലിക്കര അസോസിയേഷൻ കുവൈത്ത് ‘ഓണനിലാവ് 2016’ വർണാഭമായി
Sunday, October 23, 2016 3:11 AM IST
കുവൈത്ത്: കുവൈത്തിലെ മാവേലിക്കര അസോസിയേഷന്റെ ഓണാഘോഷം ‘ഓണനിലാവ് 2016 ‘ ജനപങ്കാളിത്തം കൊണ്ടും വർണാഭമായ കലാപരിപാടികൾ കൊണ്ടും വിശിഷ്ടാതിഥികളുടെ സാന്നിധ്യംകൊണ്ടും വ്യത്യസ്തമായി.

പ്രസിഡന്റ് ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി ലേബർ അറ്റാഷെ തോമസ് ജോസഫ് നിലവിളക്കുതെളിയിച്ചു ഉദ്ഘാടനംചെയ്തു. പ്രവാസികൾ നാടിന്റെ സമ്പദ്വ്യവസ്‌ഥയുടെ നട്ടെല്ലാണെന്നുപറഞ്ഞുകൊണ്ടാണ് മുഖ്യതിഥി ആറന്മുള എംഎൽഎ വീണ ജോർജ് പ്രസംഗം ആരംഭിച്ചത്. തുടർന്നു രക്ഷാധികാരി സണ്ണി പത്തിച്ചിറ , സാരഥി കുവൈത്തിന്റെ പ്രസിഡന്റ് സുരേഷ്കുമാർ , ജനറൽസെക്രട്ടറി ഉമ്മൻ ചെറിയാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



മാവേലിക്കരയുടെ യുവസാഹിത്യകാരൻ സന്തോഷ് നൂറനാടിന്റെ ‘ഓർമച്ചെപ്പിലെ ചിരിക്കൂട്ടുകൾ’ എന്ന പുസ്തകം ഗ്രന്ഥകാരൻ, വീണ ജോർജ് എംഎൽഎക്ക് നൽകി. കലാപരിപാടികളുടെ നിയന്ത്രണം ഫ്രാൻസിസ് ചെറുകോലും, പൗർണമി സംഗീതും നിർവഹിച്ചു. പ്രോഗ്രാം കൺവീനർ നൈനാൻ ജോൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ പ്രമോദ് ചെല്ലപ്പൻ നന്ദി പ്രകാശിപ്പിച്ചു.

ഫിലിപ്പ് തോമസ്, മാത്യു ചെന്നിത്തല, ജ്യോതി കൃഷ്ണ, പ്രവീൺ കുറുപ്പ്, അനീഷ് കുട്ടപ്പായി, ജോമോൻ, ഗിരീഷ്, കലേഷ് പിള്ള, ജയകൃഷ്ണൻ, രതീഷ് നായർ, മനോജ് മാധവൻ എന്നിവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ