ഫ്രണ്ട്സ് ഓഫ് തിരുവല്ല പെൻഷൻ പദ്ധതി ആവിഷ്കരിക്കുന്നു
Monday, October 24, 2016 12:47 AM IST
ന്യൂയോർക്ക്: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ന്യൂയോർക്ക് ചാപ്റ്റർ 2016–ലെ വാർഷിക കമ്മിറ്റി അഡ്വ. സക്കറിയ കരുവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കോളനികളെ കേന്ദ്രീകരിച്ച് നിർധനരായ എഴുപതു വയസിനു മുകളിലുള്ളവർക്കു പെൻഷൻ പദ്ധതി ആവിഷ്കരിക്കുന്നു. തുടക്കം എന്ന നിലയിൽ മാസംതോറും ഒരു വർഷത്തേക്ക് പത്തു നിർധനർക്ക് 500 രൂപ വീതം പെൻഷൻ നൽകാൻ കമ്മിറ്റി തീരുമാനിച്ചു.

യോഗത്തിൽ സെക്രട്ടറി ഫിലിപ്പ് മഠത്തിൽ എല്ലാവരേയും സ്വാഗതം ചെയ്തു. പരിപാടിയെ പിന്തുണച്ചുകൊണ്ട് ഏബ്രഹാം വർഗീസ്, സജി ഏബ്രഹാം, കുഞ്ഞ് മാലിയിൽ, വർഗീസ് രാജൻ, ഡോ. ജേക്കബ് തോമസ്, ജേക്കബ് ജോൺ എന്നിവർ പ്രസംഗിച്ചു. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ജേക്കബ് ഏബ്രഹാം പദ്ധതിയുടെ ആദ്യ സംഭാവന നൽകി ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ലയെ പ്രതിനിധീകരിച്ച് മന്ത്രിയായ മാത്യു ടി. തോമസിനെ യോഗം അനുമോദിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം