പനോരമയുടെ ഇ മാഗസിൻ ‘ഗ്രീഷ്മം’ പ്രകാശനം ചെയ്തു
Monday, October 24, 2016 8:00 AM IST
ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമ വിവിധ പരിപാടികളോടെ ഈദ് –ഓണം സംഗമം നടത്തി.

ട്രഷറർ രാധാകൃഷ്ണൻ ഓമല്ലൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എം. സുലൈമാൻ അധ്യക്ഷത വഹിച്ച സംഗമത്തിൽ സെക്രട്ടറി മെഹ്ബൂബ് പത്തനംതിട്ട ഖിറായത് നടത്തി. സാമൂഹ്യ പ്രവർത്തകനായ മാത്യു ജോസഫ് ഈദ് –ഓണ സന്ദേശം നൽകി. ചടങ്ങിൽ പനോരമയുടെ ഇ മാഗസിൻ ‘ഗ്രീഷ്മം’ ഒപ്പം സിനിമയുടെ സംഗീത സംവിധായകരായ ഫോർ മ്യൂസിക്സിലെ എൽദോസ് ഏലിയാസ് പ്രകാശനം ചെയ്തു. ഇങ്ങനെയൊരു ഉദ്യമം നടത്തിയ സംഘാടകരെ അഭിനന്ദിച്ച അദ്ദേഹം ഒരു പ്രവാസി കൂട്ടായ്മ ഇത്തരം ഒരു സംരഭം ആരംഭിക്കുന്നത് ആദ്യമായിട്ടാണ് പ്രവാസ ജീവിതത്തിനിടയിൽ തങ്ങളുടെ ക്രിയാത്മക കഴിവുകൾ നഷ്‌ടമാക്കാതിരിക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും ഗ്രീഷ്മം പോലുള്ള ഉദ്യമങ്ങൾ അതിനു സഹായമാകുമെന്നും എൽദോസ് പറഞ്ഞു.

പനോരമ കുടുംബാംഗങ്ങളുടെ കുട്ടികളിൽ 10, 12 ക്ലാസുകളിൽ വിജയം നേടിയ കോളിൻ രാജു ജോർജ്, സ്റ്റെഫൈൻ എൽസ വർഗീസ്, ജോയൽ ജോർജ് തോമസ്, ഗ്രേസ് മേരി ബിജു, ആൽഫിൻ മാത്യു എന്നിവർക്കും പ്രോഗ്രാം കോഓർഡിനേറ്റർ ജേക്കബ് മരാമണ്ണിനും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പനോരമയുടെ സ്വപ്ന പദ്ധതികളായ ദുൽപ്പാ തുഷാരിക്കൊരു വീട്, വിധവാ പെൻഷൻ എന്നിവയെപ്പറ്റി ജനറൽ സെക്രട്ടറി അനിൽ മാത്യൂസ് ചടങ്ങിൽ വിവരിച്ചു. കൺവീനർ ബിനു മരുതിക്കൽ പ്രസംഗിച്ചു.

വടം വലി, ഉറിയടി, ഓട്ടം തുടങ്ങിയ മത്സരങ്ങളും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു. അൽഹസ നാദം അവതരിപ്പിച്ച ശിങ്കാരി മേളവും നാടൻ പാട്ടുകളും പരിപാടിക്ക് മിഴിവേകി. തുടർന്ന് ഓണസദ്യയും നടന്നു. ബിനു പി. ബേബി, സതീഷ് മോഹൻ, രാജു ജോർജ് ഷാജഹാൻ വല്ലന, ബിനു മാമ്മൻ, നിയാസ് വല്ലന, മാത്യു ജോർജ്, ബേബിച്ചൻ ഇലന്തൂർ, ജോൺസൺ പ്രക്കാനം, റോബി സാമുവൽ, ഷാജി സീതത്തോട് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം