പർദ കേസിൽ സ്വിസ് യുവതിക്ക് വിജയം
Monday, October 24, 2016 8:06 AM IST
ബർലിൻ: പർദയിട്ടതിന്റെ പേരിൽ പിരിച്ചുവിട്ടതിനെതിരേ സ്വിസ് യുവതി നടത്തിയ നിയമ പോരാട്ടം വിജയം നേടി. ദീർഘകാലമായി സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുപത്തൊമ്പതുകാരി പർദ ധരിച്ചു തുടങ്ങിയതോടെ പിരിച്ചുവിടുകയായിരുന്നു. ഡ്രൈ ക്ലീനിംഗ് സ്‌ഥാപനത്തിലായിരുന്നു ജോലി.

ആറു വർഷത്തെ സേവനത്തിനൊടുവിൽ കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു നടപടി. അവർക്ക് ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും നഷ്‌ടപരിഹാരവും നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്.

ശുചിത്വ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ പർദ ധരിക്കാൻ പാടില്ലെന്നായിരുന്നു തൊഴിലുടമയുടെ നിലപാട്. ദിവസേന പർദ കഴുകാമെന്നും അല്ലെങ്കിൽ ഡിസ്പോസിബിൾ പർദ ധരിക്കാമെന്നും യുവതി പറഞ്ഞെങ്കിലും ഉടമ വഴങ്ങിയില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെട്ടെന്ന നിരീക്ഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് കോടതി യുവതിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ