‘മഹോത്സവം 2016’ വിവിധ പരിപാടികളോടെ ആഘോഷിച്ചു
Tuesday, October 25, 2016 5:53 AM IST
തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ പത്താം വാർഷികാഘോഷം ‘മഹോത്സവം 2016’ എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബർ 21ന് മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനായിരുന്നു ആഘോഷ പരിപാടികൾ. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശിഷ്‌ടാഥിതികളെ വേദിയിലേക്ക് ആനയിച്ചതോടെ തുടക്കമായ ആഘോഷപരിപാടികൾ കുവൈത്ത് ഇന്ത്യൻ എംബസിയിലെ കമ്യൂണിറ്റി വെൽഫയർ ഓഫീസർ ശ്രീവാസ്തവ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ വാതുക്കാടൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സുഗുണ നാഥ്, സോഷ്യൽ വെൽഫയർ കൺവീനർ അനുശോചനവും ജനറൽ സെക്രട്ടറി അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മഹോത്സവം 2016 ന്റെ മെയിൻ സ്പോൺസർ അൽ മുല്ല എക്സ്ചേഞ്ചിന്റെ മാർക്കറ്റിംഗ് മാനേജർ ജോൺ സൈമൺ, കോസ്പോൺസർ നാസർ അൽ ഹജരി കോർപറേഷൻ (കുവൈത്ത്), ഫിനാൻസ് മാനേജർ മനോജ്, വനിതാവേദി ജനറൽ കൺവീനർ അംബിക മുകുന്ദൻ, കളിക്കളം കോഓർഡിനേറ്റർ റൊണാൾഡ് ഫ്രാങ്ക്, അസോസിയേഷന്റെ മുൻകാല പ്രസിഡന്റുമാരായ മുരളി പുതൂർ, ജോയ് ചിറയത്ത്,ജോസ് ജോയൽ, വേണുഗോപാൽ തായത്ത്, അസോസിയേഷൻ ട്രഷറർ ഹരി കുളങ്ങര എന്നിവർ പ്രസംഗിച്ചു. അസോസിയേഷന്റെ സുവനീർ മീഡിയ കൺവീനർ ജിവാസ് അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ജോൺ സൈമണിന് നൽകി പ്രകാശനം ചെയ്തു. എസ്എസ്എൽസിക്കും പ്ലസ്ടുവിനും മികച്ച വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് എല്ലാ വർഷവും നല്കി വരുന്ന മെറിറ്റ് അവാർഡ് പത്ത് കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസ സഹായ പദ്ധതിയിൽ ഈ വർഷം ഉൾപ്പെടുത്തിയ മൂന്ന് കുട്ടികൾക്കുള്ള ധനസഹാത്തിന്റെ ആദ്യ ഗഡുവും ചടങ്ങിൽ കൈ മാറി.

തുടർന്ന് കുവൈത്തിലെ പ്രമുഖ ഡാൻസ് സ്കൂൾ ആയ ഹാർട്ട് ബീറ്റ്സും അസോസിയേൻ അംഗങ്ങളുടെ കുട്ടികളും ചേർന്ന് നടത്തിയ വെൽക്കം ഡാൻസ്, അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച വിവിധതരം കലാപരിപാടികൾ, പ്രമുഖ ബാൻഡ് ക്രിംസൺ റേയ്സ് അവതരിപ്പിച്ച മ്യൂസിക്കൽ ഷോയും രാജേഷ് തംബുരു അവതരിപ്പിച്ച വൺ മാൻ ഷോ നേരമ്പോക്കും പ്രശസ്ത പിന്നണി ഗായകർ നജിം അർഷാദ്, വിപിൻ സേവിയർ, നീതു ഫൈസൽ എന്നിവർ അവതരിപ്പിച്ച ഗാനമേളയും മഹോത്സവത്തിന് മാറ്റു കൂട്ടി. ചടങ്ങിൽ പങ്കെടുത്തവർക്ക് ലഡു വിതരണവും നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ