സിക്കുകാരന്റെ ദേഹത്ത് വെളളം ഒഴിച്ചയാൾക്കെതിരെ കേസെടുത്തു
Tuesday, October 25, 2016 5:56 AM IST
ബേക്കേഴ്സ് ഫീൽഡ് (കലിഫോർണിയ): മുസ്ലിമാണെന്ന് തെറ്റിധരിച്ച് സിക്കുക്കാരനെ വംശീയമായി ആക്ഷേപിക്കുകയും ദേഹത്തേയ്ക്കു വെളളം ഒഴിക്കുകയും ചെയ്ത നാല്പതുകാരനായ ഡേവിസ് സ്കോട്ടിനെതിരെ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് കേസെടുത്തു.

കലിഫോർണിയ അവന്യു റസ്റ്ററന്റിൽ നിന്നും ബെൽമീറ്റ് സിംഗ് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ഉടനെ ഡേവിസ് സ്കോട്ട് എന്ന പ്രതി സിംഗിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് സിംഗിനെ ഭീഷണിപ്പെടുത്തുകയും വംശീയമായി അധിഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്.

ഒക്ടോബർ 22 നാണ് ഡിസ്ട്രിക്ട് അറ്റോർണി ലിസാ ഗ്രീൻ ഇയാൾക്കെതിരെ ‘ഹേറ്റ് ക്രൈം’ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി മാധ്യമങ്ങളെ അറിയിച്ചത്.

സംഭവം നടക്കുമ്പോൾ നിരവധി ആളുകൾ ദൃക്സാക്ഷികളാണെങ്കിലും ഒരാൾ പോലും സഹായിക്കുന്നതിനോ, പ്രതിയെ തടയുന്നതിനോ ശ്രമിച്ചില്ല എന്നത് തന്നെ ഏറ വേദനിപ്പിച്ചതായി സിംഗ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ