സൂസൻ ഡാനിയേൽ മെമ്മോറിയൽ വാർഷികം ആഘോഷിച്ചു
Tuesday, October 25, 2016 5:56 AM IST
ലോസ് ആഞ്ചലസ്: കേരളത്തിലെ കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകിവരുന്ന സൂസൻ ഡാനിയേൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട് സേവനത്തിന്റെ മുപ്പത്തിയൊന്നാം വർഷം സമുചിതമായി ആഘോഷിച്ചു.

ഒക്ടോബർ 22ന് ലോസ് ആഞ്ചലസിലെ ഫുള്ളർട്ടണിലെ സ്പ്രിംഗ് ഫീൽഡ് സെന്ററിലായിരുന്നു ആഘോഷപരിപാടികൾ.

ചെയർമാൻ മാത്യു ഡാനിയേൽ ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ അധ്യക്ഷത വഹിച്ച ട്രസ്റ്റ് പ്രസിഡന്റ് ഏബ്രഹാം മാത്യു മുപ്പത്തിയൊന്നുവർഷം ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. 1985ൽ തിരുവനന്തപുരം ആർസിസിയിലെ ഒരു രോഗിക്ക് നൽകിയ ധന സഹായത്തോടെ തുടങ്ങിയ പ്രവർത്തനം ഇന്നു മുന്നൂറിലധികം പേരിലെത്തി നിൽക്കുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലേയും കോഴിക്കോട് മെഡിക്കൽ കോളജിലെയും നൂറു രോഗികൾക്കുവീതവും കോട്ടയം കാരിത്താസിലെയും തൃശൂർ അമല മെഡിക്കൽ സെന്ററിലെയും അൻപതു രോഗികൾക്ക് വീതവും ധനസഹായം നല്കാൻ പര്യാപ്തമാംവിധം ട്രസ്റ്റ് വളർന്നെങ്കിൽ അതു നല്ലവരായ സുഹൃത്തുക്കൾ മൂലമാണെന്നും തുടർന്നും ഈ സഹായ സഹകരണങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് തങ്ങളെ മുന്നോട്ടു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ അമലയിലും കരിത്താസിലും നാലു വീതം കിടക്കകളും സ്പോൺസർ ചെയ്യുന്നുണ്ട്. ട്രസ്റ്റ് ഡയറക്ടർമാരായ രവിവെള്ളത്തേരി അമലയിലും ശ്രീദേവി വാര്യർ തിരുവനന്തപുരത്തും നേരിട്ടെത്തിയാണ് രോഗികൾക്കുള്ള സഹായവിതരണം നടത്തിയത്.

ഡോ. ശ്രീദേവി വാര്യർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജയ് ജോൺസൻ, വിനോദ് ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചു യുഎസ്സി ബംഗ്റ ഗ്രൂപ്പിന്റെ ബംഗ്റ നൃത്തം, ഇന്ത്യ ബീറ്റ്സിന്റെ ഗാനമേള, തരുൺ ഷെട്ടിയുടെ കോമഡി തുടങ്ങിയ പരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: സന്ധ്യ പ്രസാദ്