ഡാളസിൽ ഏർലി വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം കനത്ത പോളിംഗ്
Tuesday, October 25, 2016 5:58 AM IST
ഡാളസ്: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനുളള ഏർലി വോട്ടിംഗ് ടെക്സസിൽ ആരംഭിച്ചു. രാവിലെ ഏഴിനാരംഭിച്ച വോട്ടിംഗ് രാത്രി ഏഴു വരെ നീണ്ടു നിന്നു.

ഡാളസിലെ പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. നാലു കഴിഞ്ഞതോടെ നിരവധി വോട്ടർമാരാണ് ക്യുവിൽ അണി നിരന്നത്. മസ്കിറ്റ് ക്രോസ് റോഡ് ലേക്ക് വ്യു ആക്റ്റിവിറ്റി സെന്ററിൽ വോട്ട് രേഖപ്പെടുത്താനെത്തിയ ലേഖകനു പോളിംഗ് നടക്കുന്ന ഹാളിനു വെളിയിൽ അരമണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു.

തുടർന്ന് ഹാളിൽ പ്രവേശിച്ചപ്പോൾ ദീർഘവൃത്താകൃതിയിൽ വോട്ടർമാരുടെ നീണ്ട നിര. വോട്ടു ചെയ്ത് പുറത്തിറങ്ങിയത് വീണ്ടും 45 മിനിട്ടിനുശേഷം. ഹിസ്പാനിക്ക്, വൈറ്റ്, ബ്ലാക്ക് വിഭാഗത്തിൽപ്പെട്ടവരായിരുന്നു മുഴുവൻ വോട്ടർമാരും. ലേഖകൻ ഒഴികെ ഒരാൾ മാത്രമാണു മലയാളി സമൂഹത്തിൽ നിന്നും ഇത്രയും നേരം നിന്നിട്ടും വോട്ടു ചെയ്യാൻ എത്തിയത്.

വോട്ടിംഗ് കഴിഞ്ഞ് പുറത്തിറങ്ങി പാർക്കിംഗ് ലോട്ടിൽ നിന്നവരുടെ പ്രതികരണം ആരാഞ്ഞപ്പോൾ നാലു പേർ ട്രംപിനെ അനുകൂലിച്ചപ്പോൾ മൂന്നു പേരാണ് ഹില്ലരിക്ക് അനുകൂലമായി സംസാരിച്ചത്. ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടിയെ ഇത്തവണയും കൈവിട്ടില്ല എന്നാണ് ആദ്യ സൂചനകൾ നൽകുന്നത്. ഹിസ് പാനിക്ക് വോട്ടർ പോലും ട്രംപിന് അനുകൂലമായി സംസാരിച്ചത് അപ്രതീക്ഷിത മായിരുന്നു. ഇതുവരെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തുക ഈ പൊതു തെരഞ്ഞെടുപ്പിലായിരിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ