കരിപ്പൂർ മേഖല കെഎംസിസി പ്രവർത്തക സമിതി യോഗം സംഘടിപ്പിച്ചു
Tuesday, October 25, 2016 6:02 AM IST
ജിദ്ദ: കരിപ്പൂർ മേഖല കെഎംസിസി പ്രവർത്തക സമിതി യോഗം സംഘടിപ്പിച്ചു. ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തിൽ നടന്ന യോഗം വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് സി.സി. കരീം സാഹിബ് ഉദ്ഘാടനം ചെയ്തു. ‘നല്ല നാളേക്ക് സാമ്പത്തിക അച്ചടക്കം’ എന്ന വിഷയത്തിൽ പി.വി ലത്തീഫ് കൊട്ടപ്പുറം പ്രസംഗിച്ചു. നാട്ടിൽ മരിച്ച കരിപ്പൂർ മേഖല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മലായിൽ ബാപ്പു സാഹിബ് അനുസ്മരണവും പ്രാർഥനയും നടത്തി. കരിപ്പൂർ മേഖലയിലെ മുഴുവൻ കെഎംസിസി അംഗങ്ങളെയും ഉൾപ്പെടുത്തി ബിസിനസ് സംരംഭം ആരംഭിക്കാൻ തീരുമാനിച്ചു. ബിസിനസ് സംരംഭം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ഡിസംബർ ആദ്യവാരം സമ്പൂർണ പൊതുയോഗവും ബിസിനസ് പ്രഖ്യാപനവും നടത്താൻ തീരുമാനിച്ചു. നോർക്കയുടെ പ്രവാസി കാർഡ് അപേക്ഷകൾ ഭാരവാഹികൾ സ്വീകരിച്ചു. കരിപ്പൂർ മേഖലയിലെ ഒൻപതു വാർഡുകളിൽ നിന്നും മൂന്ന് പ്രതിനിധികൾ വീതം 33 അംഗ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തു.

മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൈസൽ കുന്നേക്കാടൻ, പി.എ. കരീം എന്നിവർ പ്രസംഗിച്ചു. പി.പി. ഫൈസൽ, അബ്ദുൽ അലി, കുഞ്ഞാമുട്ടി, അഷ്റഫ് അലി, യു. അബാസ്, റഹൂഫ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ