ലുലു – എഡിഡിസി ജല വിനിയോഗ നിയന്ത്രണ മത്സരം: തമിഴ്നാട് സ്വദേശിക്ക് 50,000 ദിർഹം സമ്മാനം
Tuesday, October 25, 2016 6:03 AM IST
അബുദാബി: ലുലു ഗ്രൂപ്പ് –അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനിയുമായി സഹകരിച്ചു നടത്തിയ ജല വിനിയോഗ നിയന്ത്രണ മത്സരത്തിൽ തമിഴ്നാട് സ്വദേശി തിരവിയം സുബ്ബയ്യ ഒന്നാം സമ്മാനമായ 50,000 ദിർഹം സ്വന്തമാക്കി. രണ്ടാം സ്‌ഥാനത്തെത്തിയ ബിജോ ജേക്കബ്, മാർലോൺ മറിയം മെൻഡോസ എന്നിവർക്ക് 25000 ദിർഹം സമ്മാനിച്ചു.

ജല വിനിയോഗത്തിൽ ഗണ്യമായ കുറവു വരുത്തിയ 50 പേർക്ക് 5000 ദിർഹം വീതം പ്രോത്സാഹന സമ്മാനവും നൽകി.

ഖാലിദിയ മാളിൽ നടന്ന സമാപന സമ്മേളനത്തിൽ അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി സെയിൽസ് സപ്പോർട്ട് ഡിപ്പാർട്ട്മെന്റ് മാനേജർ ഹുമൈദ് അൽ ഷംസി, അൽ മാതാർ സസ്റ്റയ്നബിലിറ്റി ജനറൽ മാനേജർ ഖലീഫ അൽ ഖാഫിലി, ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ടി.പി. അബൂബക്കർ, ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻസ് ഓഫീസർ വി. നന്ദകുമാർ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഉപയോക്താക്കൾ നാലുമാസത്തെ വെള്ളത്തിന്റെ ബിൽ സമർപ്പിച്ചതിൽനിന്ന് അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള