കാനത്തൂർ പ്രവാസി കൂട്ടായ്മ ഓണം ആഘോഷിച്ചു
Tuesday, October 25, 2016 6:03 AM IST
ദുബായ്: കാസർഗോഡ് ജില്ലയിലെ കാനത്തൂർ പ്രദേശവാസികളുടെ കൂട്ടായ്മയായ കാനത്തൂർ പ്രവാസി കൂട്ടായ്മ വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു.

ഗർഹൂദിലെ ഈറ്റ് ആൻഡ് ഡ്രിംഗ് റസ്റ്ററന്റിൽ നടന്ന ആഘോഷ പരിപാടികൾ യുഎഇ എക്സ്ചേഞ്ച് പ്രസിഡന്റ് പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. മുഖ്യാതിഥികളായി പങ്കെടുത്ത ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ വി. നാരായണൻ നായർ, ലീ ബ്ലൂ വാട്ടർ കമ്പനി ജനറൽ മാനേജർ കെ.പി. മധു എന്നിവർക്കുള്ള ഉപഹാരം പ്രസിഡന്റ് രാധാകൃഷ്ണൻ കാനത്തൂർ, ജനറൽ സെക്രട്ടറി രഞ്ജിത്ത് കോടോത്ത് എന്നിവർ സമ്മാനിച്ചു. കാനത്തൂരിൽനിന്നും യുഎഇയിൽ 20 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ മെംബർമാരെ പരിപാടിയിൽ വൈ. സുധീർ കുമാർ ഷെട്ടി ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ പ്രസിഡന്റ് രാധാകൃഷ്ണൻ കാനത്തൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അഖിൽ കാനത്തൂർ, വൈസ് പ്രസിഡന്റ് മണികണ്ഠൻ നീരവലപ്പ്, ലേഡീസ് വിഭാഗം കൺവീനർ സന്ധ്യ രാജീവ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ട്രഷറർ അച്യുതൻ തോളംതോട് എന്നിവർ പ്രസംഗിച്ചു.

തുടർന്നു വിവിധ കലാപരിപാടികളായ കോൽക്കളി, തിരുവാതിര, കുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, സംഗീത–നൃത്ത പരിപാടികൾ, പ്രശസ്ത ഗായകരായ വിശ്വംഭരൻ വെള്ളിക്കോത്ത്, ദേവിക, അഖില ദിലീപ്, ദിവ്യമണികണ്ഠൻ, വയലിൻ സ്പെഷലിസ്റ്റ് കാർത്തിക് മേനോൻ എന്നിവരുടെ സംഗീതസന്ധ്യ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായിരുന്നു.