ശ്രീനിവാസപ്രസാദിന്റെ രാജി: നഞ്ചൻഗുഡ് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
Tuesday, October 25, 2016 6:05 AM IST
ബംഗളൂരു: മുൻമന്ത്രിയും എംഎൽഎയുമായ ശ്രീനിവാസ പ്രസാദ് രാജി വച്ച സാഹചര്യത്തിൽ നഞ്ചൻഗുഡ് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. അതേസമയം, തെരഞ്ഞെടുപ്പിലെ സ്‌ഥാനാർഥികളെ സംബന്ധിച്ച് സൂചനകളൊന്നും രാഷ്ര്‌ടീയ പാർട്ടികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണ്ഡലത്തിൽ ശക്‌തമായ സ്വാധീനമുള്ള ദളിത് നേതാവായ ശ്രീനിവാസ പ്രസാദ് പുറത്തുപോയ സാഹചര്യത്തിൽ കരുത്തനായ മറ്റൊരു സ്‌ഥാനാർഥിക്കായി കോൺഗ്രസിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസിന്റെ ശക്‌തികേന്ദ്രമായ നഞ്ചൻഗുഡിൽ ശ്രീനിവാസ പ്രസാദ് സ്വതന്ത്രനായി മത്സരിക്കുമെന്നതും പാർട്ടിക്ക് ആശങ്കയുണർത്തുന്നു. ചാമരാജനഗർ സിറ്റിംഗ് എംപിയായ ദൂരവാണരയ്യനെ കളത്തിലിറക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആലോചിച്ചതായാണ് റിപ്പോർട്ട്.

അതേസമയം, സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ പിന്തുണ നല്കാമെന്ന് ജെഡി–എസ് നേതാക്കൾ ശ്രീനിവാസ പ്രസാദിനെ നേരിൽക്കണ്ട് അറിയിച്ചു. പ്രധാന പ്രതിപക്ഷമായ ബിജെപിയും അദ്ദേഹത്തിനായി നീക്കങ്ങൾ ശക്‌തമാക്കിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ ശ്രീനിവാസ പ്രസാദുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഏതെങ്കിലും പാർട്ടിയിൽ ചേർന്ന് മത്സരിക്കുന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായിരുന്ന ശ്രീനിവാസ പ്രസാദിനെ അടുത്തിടെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്‌ഥാനത്തുനിന്ന് ഒഴിവാക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.

ഇതേത്തുടർന്ന് സിദ്ധരാമയ്യയ്ക്കെതിരേ കടുത്ത വിമർശനവുമായി ശ്രീനിവാസ പ്രസാദ് രംഗത്തുവരികയും ചെയ്തു. പ്രതിഷേധനടപടികളുടെ തുടർച്ചയെന്നോണമാണ് അദ്ദേഹം എംഎൽഎ സ്‌ഥാനം രാജിവച്ചത്.