ഉരുക്ക് മേൽപ്പാലത്തിന് ബിഡിഎയുടെ പച്ചക്കൊടി; പ്രതിഷേധം കടുപ്പിച്ച് സംഘടനകൾ
Tuesday, October 25, 2016 6:05 AM IST
ബംഗളൂരു: ബസവേശ്വര സർക്കിളിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുന്ന ഉരുക്കുമേൽപ്പാലത്തിനെതിരേ പ്രതിഷേധം നടക്കുന്നതിനിടെ പദ്ധതിക്ക് ബംഗളൂരു വികസന അഥോറിറ്റിയുടെ (ബിഡിഎ) അംഗീകാരം. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിലാണ് പദ്ധതി റിപ്പോർട്ടിന് അംഗീകാരം നല്കിയത്. അടുത്ത മാസം ആദ്യം തന്നെ പാലം നിർമാണം ആരംഭിക്കാനാണ് സർക്കാർ തീരുമാനം.

അതേസമയം പദ്ധതിക്കെതിരായ പ്രതിഷേധവും ശക്‌തമാകുകയാണ്. പാലത്തിനായി 812 മരങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനമാണ് പ്രതിഷേധത്തിനു കാരണം. മേൽപ്പാലത്തിന്റെ നിർമാണം തടയണമെന്നാവശ്യപ്പെട്ട് പരിസ്‌ഥിതി പ്രവർത്തകൻ പ്രകാശ് ബലേവാഡിയുടെ നേതൃത്വത്തിലുള്ള സംഘം ഗവർണർ വാജുഭായ് ആർ. വാലയ്ക്ക് പരാതി നല്കി. മേൽപ്പാലത്തെ എതിർക്കുന്നവരുടെ കൂട്ടായ്മയായ ’സിറ്റിസൺസ് എഗെയ്ൻസ്റ്റ് സ്റ്റീൽ ഫ്ളൈഓവറിന്റെ’ നേതൃത്വത്തിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരവാസികളുടെ ഒപ്പുശേഖരണവും നടക്കുന്നുണ്ട്. ഒപ്പുകൾ ശേഖരിച്ച ശേഷം ഹരിത ട്രൈബ്യൂണലിന് പരാതി സമർപ്പിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. ഇക്കാര്യത്തിൽ നിയമോപദേശം തേടുന്നത് ചർച്ച ചെയ്യാൻ ഇന്ന് റോട്ടറി ഹൗസിൽ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങൾക്കെതിരേ മുഖ്യമന്ത്രി സിദ്ധരാമയ്യയും നഗരവികസനമന്ത്രി കെ.ജെ. ജോർജും രംഗത്തുവന്നിരുന്നു. ബംഗളൂരുവിലെ 73 ശതമാനം ജനങ്ങളും മേൽപ്പാലത്തെ അനുകൂലിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം നടത്തുന്നവർ നിക്ഷിപ്ത താത്പര്യമുള്ളവരാണെന്നും തങ്ങളുടെ അഭിപ്രായം അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നുമാണ് കെ.ജെ. ജോർജ് കുറ്റപ്പെടുത്തിയത്. മേൽപ്പാലം നിർമാണം തടയണമെന്നാവശ്യപ്പെട്ട് നമ്മ ബംഗളൂരു ഫൗണ്ടേഷൻ നല്കിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. വെട്ടിമാറ്റുന്ന മരങ്ങൾക്കു പകരം ബിഡിഎ 60,000 മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധത്തിന് അയവു വന്നിട്ടില്ല.

ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള ദൂരം ചുരുക്കുന്നതിനായാണ് പാലം പണിയാൻ പദ്ധതിയിട്ടത്. ബസവേശ്വര സർക്കിളിൽ നിന്നാരംഭിക്കുന്ന മേൽപ്പാലം ഹൈഗ്രൗണ്ട്സ്, വിൻസർ മനോർ, കാവേരി ജംഗ്ഷൻ, മേഖ്രി സർക്കിൾ, സഞ്ജയ് നഗർ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ആറുവരിയിലുള്ള മേൽപ്പാലത്തിന്റെ ദൂരം 6.7 കിലോമീറ്ററാണ്. 1791 രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 55,000 ടൺ ഉരുക്ക് ഇതിനായി വേണ്ടിവരും. രണ്ടു വർഷം കൊണ്ട് പദ്ധതി പൂർത്തിയാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മുംബൈയിലെ എൽ ആൻഡ് ടി കമ്പനിക്കും ഹൈദരാബാദിലെ എൻസിസിഎൽ കമ്പനിക്കുമാണ് പദ്ധതിയുടെ നിർമാണച്ചുമതല.

മേൽപ്പാലത്തിനായി നോർത്ത് ബംഗളൂരു നിവാസികൾ

ബംഗളൂരു: നിർദിഷ്‌ട ഉരുക്കു മേൽപ്പാലത്തിനെതിരേ പ്രതിഷേധമുയരുന്നതിനിടെ പദ്ധതി വേണമെന്നാവശ്യപ്പെട്ട് നോർത്ത് ബംഗളൂരു നിവാസികളുടെ കൂട്ടായ്മ. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ അഞ്ഞൂറോളം പേർ എസ്റ്റീം മാളിൽ ഒത്തുകൂടി. മേൽപ്പാലത്തെ അനുകൂലിച്ച് ഒരു മണിക്കൂറോളം അവർ മുദ്രാവാക്യം മുഴക്കി.

ഹെബ്ബാൾ മേൽപ്പാലത്തിലെ 24 മണിക്കൂറുമുള്ള തിരക്ക് പരിഹരിക്കാൻ ഉരുക്കു മേൽപ്പാലത്തിനു കഴിയുമെന്ന് നോർത്ത് ബംഗളൂരു നിവാസികൾ അഭിപ്രായപ്പെട്ടു. ഇത് മലിനീകരണം കുറയ്ക്കുമെന്നും പണവും ഇന്ധനവും ലാഭിക്കുമെന്നും അവർ പറഞ്ഞു.

പദ്ധതിയെ എതിർക്കുന്ന സിറ്റിസൺസ് ഫോർ ബംഗളൂരു ഗ്രൂപ്പിനെതിരേ സഹകാർ നഗർ, വിദ്യാരണ്യപുര, യെലഹങ്ക, ജക്കൂർ, അമൃത്നഗർ, കെംപാപുര എന്നിവിടങ്ങളിലെ റസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ പ്രതിഷേധം നടത്തി.