കല യുഎസ് ഇലക്ഷൻ ഡിബേറ്റ്
Wednesday, October 26, 2016 6:54 AM IST
ഫിലഡൽഫിയ: പ്രവാസി സമൂഹത്തിന്റെ രാഷ്ട്രീയ അവബോധവും ജനാധിപത്യദർശനങ്ങളും വിളിച്ചോതുന്ന പ്രസിഡൻഷ്യൽ ഇലക്ഷൻ സംവാദ പരമ്പരയ്ക്ക് കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫിലഡൽഫിയയിൽ തുടക്കം കുറിച്ചു.

വൈജ്‌ഞാനിക രംഗത്തെ ശാക്‌തീകരണത്തിനായി കല നടത്തുന്ന സംരംഭങ്ങളുടെ ഭാഗമായാണ് യുഎസ് പ്രസിഡൻഷ്യൽ ഇലക്ഷൻ ഡിബേറ്റ് മലയാളത്തിൽ സംഘടിപ്പിച്ചത്. മതനേതാക്കളും മാധ്യമ പ്രവർത്തകരും പൗരസമൂഹവും തിങ്ങിനിറഞ്ഞ സെന്റ് തോമസ് ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൽ നയങ്ങളേയും നിയമസംവിധാനത്തേയും നികുതിവ്യവസ്‌ഥകളേയും സംബന്ധിച്ച് സദസിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് ഇരുപാർട്ടികളുടേയും പ്രതിനിധികൾ മികവു പുലർത്തി.

ഡമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ച് ജിബി തോമസ് (ഫോമ ജനറൽ സെക്രട്ടറി/ ബിസിനസ്മാൻ), ജ്യോതി എസ് വർഗീസ് (യുവസംരംഭക), ബിനു ജോസഫ് (മുൻ ഫോമ നാഷണൽ കമ്മിറ്റി അംഗം), അലക്സ് ജോൺ (സാമൂഹ്യ പ്രവർത്തകൻ) എന്നീ പ്രതിഭകൾ പങ്കെടുത്തപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ച് വിൻസൺ പാലത്തിങ്കൽ (ഫോമ മുൻ വൈസ് പ്രസിഡന്റ്/വ്യവസായി), മോഹൻ മാവുങ്കൽ (ഫോമ മുൻ നാഷണൽ കമ്മിറ്റി മെംബർ), അനിയൻ ജോർജ് (ഫോമ മുൻ ജനറൽ സെക്രട്ടറി/ബിസിനസ് വിദഗ്ധൻ), ജോ ജോസഫ് (പ്രോ ലൈഫ് പ്രവർത്തകൻ) എന്നിവർ പങ്കെടുത്തു.

സംവാദത്തെ മാതൃകാപരമാക്കാൻ മോഡറേറ്റർമാരായ ഡോ. ജയിംസ് കുറിച്ചി, ജോർജ് മാത്യു സി.പി.എ എന്നിവർ ജാഗ്രത പുലർത്തി. നികുതി വ്യവസ്‌ഥ, സമ്പദ്ഘടന, കുടിയേറ്റം, ആഗോള ഭീകരത, ആയുധ നിയമങ്ങൾ, സുരക്ഷാവിഷയങ്ങൾ, വിദേശനയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള മോഡറേറ്റർമാരുടെ ചോദ്യങ്ങൾക്ക് ഇരുപാർട്ടികളുടെ പ്രതിനിധികളും സദസ്യരും തങ്ങളുടെ ആശയങ്ങളും വീക്ഷണങ്ങളും ആശങ്കകളും പങ്കുവച്ചു.

ഹിലരി ക്ലിന്റന്റേയും ഡൊണാൾഡ് ട്രംപിന്റേയും പേരിൽ സമീപകാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ ചൂണ്ടിക്കാണിക്കുന്നതിലും ന്യായീകരിക്കുന്നതിലും പാർട്ടി പ്രവർത്തകർ തമ്മിൽ മത്സരിക്കുന്നത് പ്രേക്ഷകരിൽ കൗതുകമുണർത്തി.

സംവാദത്തിന്റെ പൂർണരൂപം കൈരളി ചാനലിലും പ്രവാസി ചാനലിലും പിന്നീട് സംപ്രേഷണം ചെയ്യുന്നതാണ്.

കല പ്രസിഡന്റ് സണ്ണി ഏബ്രഹാം, ജനറൽ സെക്രട്ടറി രേഖ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം