സൗദിയിൽ ജനന മരണ സർട്ടിഫിക്കറ്റ് ഓൺ ലൈനിൽ
Wednesday, October 26, 2016 6:55 AM IST
ദമാം: ജനന മരണ സർട്ടിഫിക്കറ്റുകൾ ഓൺ ലൈൻ മുഖേന ലഭിക്കുന്നതിനു സൗകര്യമൊരുക്കുമെന്ന് സൗദി ദേശീയ ഇൻഫർമേഷൻ സെന്റർ വക്‌താവ് എൻജിനിയർ മുഹമ്മദ് അസീരി അറിയിച്ചു.

ആശുപത്രികളിൽ നടക്കുന്ന ജനനവും മരണവും ഉടൻ ആരോഗ്യ മന്ത്രാലയത്തേയും മന്ത്രാലയം ദേശീയ ഇൻഫർമേഷൻ സെന്ററിനേയും അറിയിക്കും.

സർക്കാരിന്റെ ഓൺലൈൻ സേവന സൈറ്റായ അബ്ഷിർ മുഖേനയായിരിക്കും ഈ സേവനം ലഭ്യമാക്കുക. കൂടുതൽ സേവനങ്ങൾ ഓൺ ലൈൻ മുഖേന ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്.

വിവാഹ സർട്ടിഫിക്കറ്റുകളും വിവാഹ മോചന സർട്ടിഫിക്കറ്റുകളും ഓൺലൈൻ മുഖേന നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

നിലവിലുള്ള കടലാസ് രേഖകൾ ഒഴിവാക്കാനും ഇത് ഇലകട്രോണിക് രേഖകളാക്കി മാറ്റാനുമാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമാക്കുന്നത്.ഇത്തരത്തിൽ 27 ഓളം സേവനങ്ങളാണ് സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാക്കുന്നത്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം