സൗദിയിൽ വനിതാവ്തകരണം: ഫർണിച്ചർ മേഖലയിലും പിടിമുറുക്കി
Wednesday, October 26, 2016 6:55 AM IST
ദമാം: സൗദിയിൽ ഫർണിച്ചർ വ്യാപാര മേഖലയിലും വനിതാവത്കരണം നടപ്പാക്കാൻ തൊഴിൽ, സാമൂഹ്യ ക്ഷേമ മന്ത്രാലയം തയാറെടുക്കുന്നു.

ഫർണിച്ചറും മറ്റു വീട്ടു ഉപകരണങ്ങളും വില്പന നടത്തുന്ന സ്‌ഥാപനങ്ങളിൽ സൗദി വനിതകളെ നിയമിക്കുന്നതിനെകുറിച്ച് തൊഴിൽ, സാമൂഹ്യ ക്ഷേമ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.അഹമ്മദ് ഖത്താനാണ് അറിയിച്ചത്.

ഈ മേഖലയിൽ നിരവധി സാധ്യതകളാണ് സ്വദേശി വനിതകൾക്ക് ഉള്ളത്. കുടുംബിനികളാണ് വീട്ടിലുള്ള ഫർണീച്ചറുകളും മറ്റു വീട്ടു സാധനങ്ങളും തിരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ സ്വദേശി വനിതകളുടെ സാന്നിധ്യം പ്രധാനമാണ്.

ഡിസംബർ 11 നു പരിഷ്ക്കരിച്ച നിതാഖത് മൂന്നാം ഘട്ടം നിലവിൽ വരുന്നതോടെ സ്വകാര്യമേഖലയിൽ സ്വദേശിവനിതകളുടെ പ്രാതിനിധ്യം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. അഹമ്മദ് ഖത്താൻ പറഞ്ഞു.

വീട്ടു സാമഗ്രികൾ വില്പന നടത്തുന്ന മേഖലയിൽ സ്വദേശി വനിതകളെ നിയമിക്കുന്നതിന്റെ ഭാഗമായി ഇവർക്കു പരിശീലനം നൽകുമെന്ന് മന്ത്രാലയം പരിശീലന വിഭാഗം അണ്ടർ സെക്രട്ടറി ഡോ.ബദരിയ അൽ സുഹ്ദാൻ അറിയിച്ചു. പരിശലനം നേടുന്ന വനിതകൾക്കു സാമ്പത്തിക സഹായവും നൽകും.

ഫർണിച്ചർ വ്യാപാര മേഖലയും സ്വദേശി വത്കരിക്കുന്നതോടെ ഈ മേഖലയിൽ നിലവിൽ ജോലി ചെയ്യുന്ന നിരവധി വിദേശികൾക്കു തൊഴിൽ നഷ്‌ടമായേക്കും.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം