വിയന്നയിൽ മലങ്കര സിറിയൻ ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ് സമാപിച്ചു
Wednesday, October 26, 2016 6:57 AM IST
വിയന്ന: മലങ്കര സിറിയൻ ഓർത്തഡോക്സ് യൂറോപ്പ് ഭദ്രാസനത്തിന്റെ (ഇംഗ്ലണ്ട്, അയർലൻഡ് ഒഴികെ) ആറാമത് ഫാമിലി കോൺഫറൻസ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ തെയോഫിലോസിന്റെ നേതൃത്വത്തിൽ ഒക്ടോബര് 14,15,16 തീയതികളിൽ സംഘടിപ്പിച്ചു.

വിയന്ന സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ഇടവക ആതിഥേയത്വം വഹിച്ച കോൺഫറൻസിൽ ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ജർമനി, ഡെൻമാർക്ക്, സ്വീഡൻ എന്നിവടങ്ങളിൽനിന്നുള്ള കുടുംബങ്ങൾ പങ്കെടുത്തു. വിശ്വാസ സംബന്ധമായ വിഷയങ്ങളും യൂറോപ്പിൽ വിശ്വാസ സമൂഹം അനുഭവിക്കുന്ന വെല്ലുവിളികളും ചർച്ചകൾക്കും ക്ലാസുകൾക്കും സമ്മേളനം സാക്ഷ്യംവഹിച്ചു.

വിയന്ന ഇന്ത്യൻ കത്തോലിക്ക സമൂഹത്തിന്റെ വികാരി റവ. ഡോ. തോമസ് താണ്ടപ്പിള്ളി കുടുംബ ജീവിതത്തെക്കുറിച്ചു ക്ലാസുകൾ എടുത്തു. ഡോ. തെയോഫിലോസ് മെത്രാപ്പോലീത്ത വിശ്വാസ ജീവിതത്തെക്കുറിച്ചും സഭയുടെ സത്യവിശ്വാസങ്ങളെക്കുറിച്ചും ആധികാരികമായ പ്രബോധനം നൽകി.

ജീവിതവിജയം ക്രിസ്തീയ വീക്ഷണത്തിൽ എന്ന ആശയത്തിൽ ഊന്നി യുവതി യുവാക്കൾക്കായി നടത്തിയ ക്ലാസുകളും ചർച്ചകൾക്കും ഡോ. തെയോഫിലോസ്, ഫാ. എൽദോസ് വട്ടപറമ്പിൽ, ഡോ. ജാൻസോ പടിക്കകുടി എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് ചെറിയ കഥകളിലൂടെയും പാട്ടുകളിലൂടെയും കളികളിലൂടെയും നടത്തിയ സംവാദത്തിന് ഫാ.നോമിസ് പതിക്കലും ഡോ. ജൂബി തോമസും നേതൃത്വം നൽകി. ക്വിസ് പ്രോഗ്രാമിന് ഫാ. കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. നോമിസ് പതിക്കൽ, ഫാ.ഡോ. തോമസ് ജേക്കബ് എന്നിവർ നേതൃത്വം നൽകി. ഒന്നാം സ്‌ഥാനം വിയന്ന ഇടവകാംഗം പടിക്കകുടി യാക്കോബ് – ലീല ദമ്പതികളും രണ്ടാം സ്‌ഥാനം ഡെന്മാർക്കിൽനിന്നുമുള്ള ഗ്രിഗോറിയും ലിയായും ചേർന്ന് കരസ്‌ഥമാക്കി. 60 വയസ് തികഞ്ഞ ഭദ്രാസനത്തിലെ എല്ലാവർക്കും മെഡലുകൾ നൽകി ആദരിച്ചു.
തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി.

കോൺഫറൻസിന്റെ സമാപനത്തോനബന്ധിച്ചു നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിൽ ഡോ. തെയോഫിലോസ്, റവ. ഡോ. തോമസ് ജേക്കബ്, ഫാ.നോമിസ് പതിയിൽ എന്നിവർ കാർമികത്വം വഹിച്ചു. കോൺഫറൻസിന്റെ ചിന്താവിഷയമായ വിശുദ്ധ സഭ ക്രിസ്തുവിന്റെ ശരീരവും നാം ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്’ എന്ന ആശയത്തിലൂടെ റവ. ഡോ. തോമസ് ജേക്കബ് വിശുദ്ധ കുർബാനമധ്യേ നടത്തി പ്രസംഗത്തിൽ അനുസ്മരിച്ചു.

ഫാ. ജോഷി വെട്ടിക്കാട്ടിൽ, കമാൻഡർ ജോർജ് പടിക്കകുടി, ജോൺസൻ ചേലപ്പുറത്ത്, ഭദ്രാസന ട്രഷറർ ബാബു വേതാനിൽ, കൗൺസിൽ അംഗങ്ങളായ തോമസ് ചേലപ്പുറത്ത്, വിയന്ന ഇടവക സെക്രട്ടറി ഷാജി ചേലപ്പുറത്ത്, ട്രഷറർ പ്രദീപ് പൗലോസ്, ഷെവ. കുര്യാക്കോസ് തടത്തിൽ, ജോളി തുരുത്തുമ്മേൽ, യാക്കോബ് പടിക്കകുടി, ബ്ലെസി ഉള്ളൂരിക്കര എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ