മാർ ജോർജ് ആലഞ്ചേരി നവംബർ ആറിന് മാഞ്ചസ്റ്ററിൽ
Wednesday, October 26, 2016 6:59 AM IST
മാഞ്ചസ്റ്റർ: യുകെയിൽ സീറോ മലബാർ വിശ്വാസികൾക്കായി രൂപത ആരംഭിച്ച ശേഷം സഭാമക്കളെ നേരിൽ കാണുന്നതിനായി യുകെയിൽ എത്തുന്ന സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ. ജോർജ് ആലഞ്ചേരിക്ക് മാഞ്ചസ്റ്ററിൽ സ്വീകരണം നൽകുന്നു.

വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ മാർച്ച് ആറിന് (ഞായർ) ആണ് സ്വീകരണ പരിപാടികൾ. ഷ്രൂഷ്ബറി, സാൽഫോർഡ്, ലിവർപൂൾ രൂപതകളിൽ നിന്നുള്ള വിശ്വാസികളാണ് മാഞ്ചസ്റ്ററിൽ ഒത്തുചേരുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് മാർ ജോർജ് ആലഞ്ചേരിയേയും ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിനേയും വൈദിക ശ്രേഷ്‌ടരെയും മുത്തുക്കുടകളുടെ അകമ്പടിയോടെ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. തുടർന്നു നടക്കുന്ന ദിവ്യബലിൽ മാർ. ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും.

ചാപ്ലിൻമാരായ റവ. ഡോ.ലോനപ്പൻ അരങ്ങാശേരി, ഫാ. ജിനോ അരീക്കാട്ട്, ഫാ.തോമസ് തൈക്കൂട്ടത്തിൽ, ക്നാനായ ചാപ്ലിൻ ഫാ.സജി മലയിൽപുത്തൻപുര എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികൾ നടക്കുന്നത്.

പള്ളിയുടെ വിലാസം: St. Antonys Church Port way, Wythenshawe, Manchester M22 0WR.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ