ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി പാർത് പട്ടേലിന് ആദരജ്‌ഞലികൾ അർപ്പിച്ച് പോലീസ് പരേഡ്
Wednesday, October 26, 2016 7:07 AM IST
ന്യൂജേഴ്സി: അപൂർവ കാൻസർ രോഗത്തെതുടർന്ന് ന്യൂജേഴ്സിയിൽ മരിച്ച ഒമ്പത് വയസുകാരൻ പാർത് പട്ടേലിന് ആദരാജ്‌ഞലികൾ അർപ്പിച്ച് ന്യൂജേഴ്സി സിറ്റി പോലീസ് പരേഡ് സംഘടിപ്പിച്ചു. രണ്ടു വർഷമായി എല്ലിനെ ബാധിക്കുന്ന സർക്കോമ എന്ന കാൻസർ രോഗം മൂലം കിടപ്പിലായിരുന്ന പാർത് പട്ടേൽ ഒക്ടോബർ 22നാണ് മരിച്ചത്.

ജേഴ്സി സിറ്റിയിലെ ആൽഫ്രഡ് സംഫല്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ പട്ടേൽ സൂപ്പർ ഹീറോ ആയിട്ടാണ് അറിയപ്പെട്ടിരുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. രജനികാന്ത് പട്ടേൽ – സുശീല പട്ടേൽ എന്നിവരുടെ കൊച്ചു മകനായ പാർത് പിതാവ് സുനിൽ, മാതാവ് പരുൾ എന്നിവരുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.

ജേഴ്സി സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിലെ നൂറിലധികം പോലീസ് ഓഫീസർമാർക്കുപുറമെ, ഫയർ, ഇഎംടി വിഭാഗത്തിലെ വോളന്റിയർമാരും പട്ടേലിന് ആദരാജ്‌ഞലികൾ അർപ്പിച്ചു നടത്തിയ പരേഡിൽ പങ്കെടുത്തു. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചു പരേഡിൽ പങ്കെടുത്ത കുട്ടി പ്രത്യേകം ശ്രദ്ധയാകർഷിച്ചു. പട്ടേലിന്റെ പേർ ആലേഖനം ചെയ്ത ബാഡ്ജ്, യൂണിഫോം എന്നിവ ധരിച്ചു മുന്നോട്ടു നീങ്ങിയ പരേഡിൽ പങ്കെടുത്തവർ റോഡിനിരുവശവും തിങ്ങികൂടിയ കാണികളെ അഭിവാദ്യം ചെയ്തു. രോഗാവസ്‌ഥയിലും ജീവിതത്തെ എങ്ങനെ ധീരമായി അഭിമുഖീകരിക്കണം എന്ന് തങ്ങളെ പട്ടേൽ പഠിപ്പിച്ചുവെന്ന് സ്കൂൾ അധ്യാപിക കെല്ലി ലൊ മാക്സ് പറഞ്ഞു.

ന്യൂജേഴ്സി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിയുടെ ബഹുമാനാർഥം ഇങ്ങനെയൊരു പരേഡ് സംഘടിപ്പിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ