അനൂപ് മുണ്ടേത്ത് എസ്പിഡി പാർട്ടി അധ്യക്ഷൻ
Wednesday, October 26, 2016 8:19 AM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ രണ്ടാം തലമുറക്കാരൻ അനൂപ് മുണ്ടേത്ത് നഗരസഭാ കൗൺസിലറായും പാർട്ടി അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാങ്ക്ഫർട്ടിനടുത്തുള്ള എപ്പ്സ്റ്റൈൻ നഗരസഭാ കൗൺസിലിലേയ്ക്കും

സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയുടെ (എസ്പിഡി) അധ്യക്ഷ പദവിയിലേയ്ക്കുമാണ് അനൂപ് തെരഞ്ഞെടുക്കപ്പെട്ടത്.

ഫ്രാങ്ക്ഫർട്ടിൽ സർക്കാർ സർവീസിൽ എക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്യുന്ന അനൂപ് ഭാവിയിൽ പ്രധാനമായും ഇന്റഗ്രേഷനുമായി ബന്ധപ്പെട്ട പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഇന്തോ– ജർമൻ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുക, വിദേശികളുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെ ജർമൻ അധികാരികളുമായി ചർച്ചചെയ്ത് പരിഹാരം കാണുക തുടങ്ങിയ കാര്യങ്ങളാണ് പ്രവർത്തന അജണ്ടയിലുള്ളതെന്ന് ലേഖകനോടു പറഞ്ഞു.

ഫ്രാങ്ക്ഫർട്ടിൽ താമസിക്കുന്ന റാന്നി സ്വദേശി ജോർജ് മുണ്ടേത്തിന്റെയും റോസമ്മയുടെയും മകനാണ് അനൂപ്. ഡോ. അമ്പിളിയാണ് ഭാര്യ. മകൻ ലിയോ.

കൗൺസിലർ, പാർട്ടി അധ്യക്ഷൻ എന്നീ പദവികളിൽ ഒരുപോലെ തെരഞ്ഞെടുക്കപ്പെട്ട അനൂപ് ജർമനിയിലെ മലയാളികൾക്ക് പ്രത്യേകിച്ച് രണ്ടാംതലമുറക്കാർക്ക് അഭിമാനമായി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ