കർദിനാൾ മാർ ജോർജ് ആലഞ്ചേരി യുകെ സന്ദർശിക്കുന്നു
Thursday, October 27, 2016 4:40 AM IST
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടനിൽ സീറോ മലബാർ സഭക്കായി രൂപത ലഭിച്ചതിന്റെ ആഹ്ളാദം സഭാ മക്കളുമായി പങ്കിടുന്നതിനും, നന്ദി സൂചകമായി കൃതജ്‌ഞതാബലി അർപ്പിക്കുന്നതിനുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി യുകെയിൽ എത്തുന്നു. നവംബർ മൂന്നിനു വ്യാഴാഴ്ച ഉച്ചക്ക് മാഞ്ചസ്റ്റർ എയർപോർട്ടിൽ വന്നെത്തുന്ന സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ആതിഥേയ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾ റവ.ഡോ.മാത്യു ചൂരപൊയികയിൽ, നിരവധിയായ വൈദികരും അല്മായരും ചേർന്നു സ്വീകരിക്കും.

നവംബർ മൂന്നിനു വ്യാഴാഴ്ച വൈകുന്നേരം ആറിനു സെന്റ് അൽഫോൻസാ കത്തീഡ്രലിൽ എത്തിച്ചേരുന്ന വലിയ പിതാവിനു കത്തീഡ്രൽ വികാരികൂടിയായ ചൂരപൊയികയിൽ അച്ചൻ ഊഷ്മളമായ സ്വാഗതം ആശംസിക്കും. തുടർന്നു ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്‌ഞതാ ബലിയും പ്രാർത്ഥനകളും അർപ്പിക്കുന്നതാണ്. ജോസഫ് സ്രാമ്പിക്കൽ പിതാവ് ദിവ്യ ബലിയിലും പ്രാർത്ഥനകളിലും സഹകാർമികത്വം വഹിക്കും. നിരവധി വൈദികരും തിരുക്കർമ്മങ്ങളിൽ പങ്കു ചേരുന്നതാണ്.

വിശുദ്ധ കുർബാനക്ക് ശേഷം ആലഞ്ചേരി പിതാവ് സഭാ മക്കളുമായി സംസാരിക്കും.അഭിവന്ദ്യ കർദ്ധിനാളിന്റെ അജപാലന സന്ദർശനത്തിൽ മാർ ശ്രാമ്പിക്കൽ പിതാവ് അദ്ദേഹത്തെ അനുധാവനം ചെയ്യുന്നതാണ്. ആലഞ്ചേരി പിതാവും, ശ്രാമ്പിക്കൽ പിതാവും ഷെഫീൽഡ്, ടോൾവർത്ത് (ലണ്ടൻ), സ്റ്റോക് ഓൺ ട്രെൻഡ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ഗ്രേറ്റ് ബ്രിട്ടനിലുള്ള പരമാവധി സഭാ മക്കളെയും നേരിൽ കാണുന്നതാണ്.

രൂപത നേടിയെടുക്കുന്നതിൽ എല്ലാവരും ഒത്തൊരുമയോടെ കാണിച്ച അഭിനന്ദനീയമായ പരിശ്രമങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുവാനും, മെത്രാഭിഷേകവും,രൂപതയുടെ ഉദ്ഘാടനവും,കത്തീഡ്രൽ കൂദാശ കർമ്മങ്ങളും അനുഗ്രഹപൂർണമാവുന്നതിലും വലിയ വിജയം ആക്കുന്നതിലും സഹകരിച്ച എല്ലാവർക്കും അഭിനന്ദനവും, കടപ്പാടും അറിയിക്കുന്നതിനും, നവ രൂപതയുടെ വളർച്ചക്ക് ഏവരുടെയും ആല്മാർത്തമായ പ്രാർത്ഥനകളും പ്രോത്സാഹനവും,സഹകരണവും അഭ്യർത്ഥിക്കുവാനും, ഒന്നിച്ച് ദൈവത്തിനു കൃതജ്‌ഞത അർപ്പിക്കുവാനുമായാണ് മുഖ്യമായും മാർ ആലഞ്ചേരി പിതാവ് ഈ അജപാലന സന്ദർശനത്തിലൂടെ ഉദ്ദേശിക്കുന്നത്.

അഭിവന്ദ്യ കർദിനാൾ നയിക്കുന്ന തിരുക്കർമ്മങ്ങളിൽ പങ്കു ചേരുന്നതിനായി പ്രസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള എല്ലാ സീറോ മലബാർ കുർബ്ബാന കേന്ദ്രങ്ങളിലെയും സഭാ മക്കളെ മുഴുവനുമായി സെന്റ് അൽഫോൻസാ കത്തീഡ്രലിലേക്കു സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി കത്തീഡ്രൽ വികാരി മാത്യു അച്ചൻ അറിയിച്ചു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ