മെർക്കൽ യൂറോപ്പിലെ ഏറ്റവും അപകടകാരിയായ നേതാവ് ക്രിസ്റ്റ്യാൻ സ്ട്രാഹേ
Thursday, October 27, 2016 4:41 AM IST
വിയന്ന: ജർമൻ ചാൻസലർ അംഗേല മെർക്കൽ യൂറോപ്പിലെ ഏറ്റവും അപകടകാരിയായ നേതാവാണെന്നും അവരുടെ അഭയാർഥി നയം ആഭ്യന്തര കലാപങ്ങൾക്ക് വഴി തെളിക്കുമെന്നും ഓസ്ട്രിയയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ഫ്രീഡം പാർട്ടി നേതാവ് ഹൈൻസ് ക്രിസ്റ്റ്യാൻ സ്ട്രാഹേ അഭിപ്രായപ്പെട്ടു.

ഓസ്ട്രിയൻ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. തന്റെ പ്രസംഗത്തിലുടനീളം ഭരണകക്ഷിക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം ജർമ്മൻ ചാൻസലർ മെർക്കലിനെയും വെറുതെ വിട്ടില്ല. മെർക്കലിന്റെ അഭയാർഥി നയങ്ങൾ ക്രമസമാധാനം തകർത്തുവെന്നും യൂറോപ്പിനാകമാനം അപകടമായി ഭവിച്ചുവെന്നും സ്ട്രാഹേ പറഞ്ഞു. മെർക്കലിൻറെ കൊട്ടിഘോഷിക്കപ്പെട്ട അഭയാർഥി നയം മൂലം ഇസ്ലാമിക തീവ്രവാദികൾക്കും, യൂറോപ്യൻ ജീവിതവുമായി ഒരിക്കലും പൊരുത്തപ്പെടാനാകാത്ത ആൾക്കാർക്കും യൂറോപ്പിന്റെ വാതിൽ മലർക്കെ തുറന്നിട്ടുകൊടുത്തു. ഒരുപക്ഷേ ഇതിന്റെ പരിണിത ഫലം യൂറോപ്പിൽ ഒരു സിവിലിയൻ കലാപമായിരിക്കാം. യൂറോപ്പിലേക്ക് വരുന്ന അഭയാർഥികൾ ഒരു തരത്തിലും ഇവിടുത്തെ സംസ്കാരവുമായി പൊരുത്തപ്പെടുവാനോ നമ്മുടെ സംസ്കാരത്തെ അംഗീകരിക്കുവാനോ തയാറാകാത്തവരാണ്. യൂറോപ്യൻ യൂണിയന്റെ നയങ്ങളെ നിശിതമായി വിമർശിച്ച സ്ട്രാഹെ, എന്നാൽ ഓസ്ട്രിയ , യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറണമെന്ന് തന്റെ പാർട്ടി ആവശ്യപ്പെടുന്നില്ലെന്നു വ്യക്‌തമാക്കി. മറ്റു വംശീയ വിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും കുടിയേറ്റം പരിധിക്കപ്പുറത്തേക്ക് ആകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ