സ്റ്റാറ്റൻ ഐലന്റ് മാർ ഗ്രീഗോറിയോസ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമപെരുന്നാൾ
Thursday, October 27, 2016 4:44 AM IST
ന്യുയോർക്ക് : അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട സ്റ്റാറ്റൻ ഐലന്റ് മാർ ഗ്രീഗോറിയോസ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 2016 ഒക്ടോബർ 28, 29 (വെളളി, ശനി) എന്നീ ദിവസങ്ങളിൽ ഇടവക മെത്രാപ്പൊലീത്ത യൽദോ മോർ തീത്തോസിന്റെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്നു.

വെളളിയാഴ്ച വൈകിട്ട് 6.30–നു സന്ധ്യാപ്രാർഥനയെ തുടർന്ന് റവ. ഡീക്കൻ വിവേക് അലക്സ് വചന പ്രഘോഷണം നടത്തും. 29–നു രാവിലെ ഒമ്പതിനു പ്രഭാത പ്രാർഥനയും തുടർന്നു മെത്രാപ്പൊലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാനയും അർപ്പിക്കും.

മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല ബാവായിൽ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാൻ സമീപ ഇടവകകളിൽ നിന്നും വൈദീകരും ഒട്ടനവധി വിശ്വാസികളും പെരുന്നാളിൽ പങ്കുചേരും. വികാരി റവ. ഫാ. രാജൻ പീറ്റർ, റവ. ഫാ. ഫിയോസ്റ്റിനൊ, ഈപ്പൻ മാളിയേക്കൽ (സെക്രട്ടറി) ജിൻസ് ആലുംമുട്ടിൽ (ട്രഷറർ) ചാക്കോ പൗലോസ്(വൈസ് പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തിൽ പളളി ഭരണ സമിതി പെരുന്നാളാഘോഷങ്ങൾക്കായുളള ക്രമീകരണങ്ങൾ പൂർത്തീകരിച്ചു വരുന്നു.

ഈ വർഷത്തെെ പരുന്നാൾ ഏറ്റെടുത്തു നടത്തുന്നവർ ഈപ്പൻ മാളിയേക്കൽ, മോളി കുറിയാക്കോസ്, സാം കോശി, ഏലിയാസ് ജോർജ്, ജോസഫ് വർഗീസ്, സാറാമ്മ ജോർജ്, തോമസ് സഖറിയ എന്നിവരും കുടുംബാംഗങ്ങളുമാണ്. ശനിയാഴ്ച 12.30–നു നടക്കുന്ന സ്നേഹ വിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ