ഹുൻസൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
Thursday, October 27, 2016 7:11 AM IST
മൈസൂരു: മൈസൂരു—ഹുൻസൂർ ദേശീയപാതയിൽ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരു വാഹനങ്ങളിലെയും െരഡെവർമാരടക്കം അഞ്ചുപേർ മരിച്ചു. ബസ് യാത്രക്കാരായ 15 പേർക്കു പരിക്കേറ്റു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. ബസ് െരഡെവർ കെ.ആർ. പേട്ട് സ്വദേശി സദാശിവ(37), കണ്ടക്ടർ എച്ച്ഡി കോട്ടെയിൽ താമസിക്കുന്ന ദേവരാജു(38), ലോറിെരഡെവർ ആന്ധ്രയിലെ കുർണൂൽ സ്വദേശി ആഞ്ജി, ക്ലീനർ ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശി രാമാഞ്ജി, ബസ് യാത്രക്കാരനായ വിരാജ്പേട്ട സ്വദേശി രാമപ്പ എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 6.45ഓടെ ഹുൻസൂർ താലൂക്കിലെ ബന്നിക്കുപ്പെ വില്ലേജിൽപ്പെട്ട മധുഗിരിക്കൊപ്പെയിലായിരുന്നു അപകടം. വിരാജ്പേട്ടയിൽനിന്നു ബംഗളൂരുവിലേക്കു പോയ ബസാണ് ആന്ധ്രയിൽനിന്ന് അരിയുമായി ഹുൻസൂർ ഭാഗത്തേക്കു വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കനത്ത മൂടൽമഞ്ഞു കാരണം ലോറി വരുന്നതു െരഡെവറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരിക്കില്ലെന്നും ഇരു വാഹനങ്ങളും അമിതവേഗത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കൂട്ടിയിടിയുടെ ആഘാതത്തിൽ ലോറി ബസിന്റെ ചേസിസിനുള്ളിലേക്കു കയറിപ്പോയി. പരിക്കേറ്റവരെ മൈസൂരുവിലെ കെ.ആർ.ആശുപത്രി, അപ്പോളോ ആശുപത്രി, ജെഎസ്എസ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.