യൂറോവിംഗ്സ് ജീവനക്കാർ സമരം തുടങ്ങി
Thursday, October 27, 2016 8:29 AM IST
ബർലിൻ: ലുഫ്താൻസയുടെ ചെലവ് കുറഞ്ഞ വിമാന സർവീസായ യൂറോവിംഗ്സിലെ ക്യാബിൻ ജീവനക്കാർ സമരം തുടങ്ങി. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ചാണ് ജീവനക്കാർ പണിമുടക്കിയത്. കമ്പനിയിലെ യുഎഫ്ഒ യൂണിയനാണ് സമരം ആഹ്വാനം ചെയ്തത്.

സമരം ഏതാണ്ട് 40,000 യാത്രക്കാരെ ബാധിച്ചതായി കമ്പനി അറിയിച്ചു. ജർമനിയിലെ ആഭ്യന്തര വിമാനസർവീസുകളെയാണ് സമരം ഏറെ ബാധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പടെ 500 ഓളം സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ദീർഘദൂര സർവീസുകളിൽ മിക്കതും പ്രവർത്തനനിരതമാണ്.

ശമ്പളം, കരാർ വ്യവസ്‌ഥകൾ എന്നിവ സംബന്ധിച്ച് യൂണിയൻ പ്രതിനിധികളും മാനേജ്മെന്റും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. സ്‌ഥിതിഗതികൾ ഇങ്ങനെ തുടർന്നാൽ അനിശ്ചിതകാല സമരത്തെക്കുറിച്ച് ആലോചിക്കുമെന്നും യൂണിയന്റെ മുന്നറിയിപ്പുണ്ട്. ബജറ്റ് എർലൈൻസായ യൂറോവിംഗ്സിന്റെ സമരം യൂറോപ്പിലെ വ്യോമയാന സഞ്ചാരത്തിന് തിരിച്ചടിയായേക്കും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ