സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ രൂപീകരിച്ചു
Friday, October 28, 2016 6:03 AM IST
റിയാദ്: സൗദി അറേബ്യയിലെ വിവിധ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലുമായി ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാർക്കുവേണ്ടി സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (സിന) രൂപീകരിച്ചു.

സംഘടനാ രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നടത്തിയ മെംബർഷിപ്പ് കാമ്പയിനിൽ ഏകദേശം അഞ്ഞൂറിലേറെപ്പേർ അംഗത്വമെടുത്തു. ഇവരെയെല്ലാം ഇന്ത്യൻ എംബസിയിലും നോർക്കയിലും രജിസ്റ്റർ ചെയ്ത് ചിട്ടയായ ഒരു പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. നഴ്സുമാരുടെ റിക്രൂട്ട്മെന്റ് സർക്കാർ ഏജൻസികൾ ഏറ്റെടുത്തെങ്കിലും ഇനിയും പൂർണമായും കുറ്റമറ്റതായിട്ടില്ല. നോർക്ക റൂട്ട്സിൽ ഉള്ള ഉദ്യോഗസ്ഥൻമാരെ അടക്കം റിക്രൂട്ട്മെന്റിലെ അഴിമതിയുടെ പേരിൽ ഡിസ്മിസ് ചെയ്യുന്ന വാർത്തകൾ ഇതിന് ഉദാഹരണമാണ്. സർക്കാർ ഏജൻസികളെപ്പോലും വിശ്വസിക്കാൻ കഴിയാത്ത ഇക്കാലത്ത് ഉദ്യോഗാർഥികളെ പരമാവധി ബോധവത്കരണം നടത്താനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുക. പുതിയ ജോലി വിജ്ഞാപനം വന്നാൽ അത് പുറപ്പെടുവിച്ച സ്‌ഥാപനങ്ങളെക്കുറിച്ച് അന്വേഷിച്ച് നാട്ടിലെ ഉദ്യോഗാർഥികളെ അറിയിക്കുക, സൗദി കൗൺസിൽ ഫോർ ഹെൽത്ത് സ്പെഷാലിറ്റിയിലെ യോഗ്യതാ പരീക്ഷയെഴുതുന്നവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ച് കൊടുക്കുക, തൊഴിലിടങ്ങളിൽ നഴ്സുമാർ നേരിടുന്ന പ്രയാസങ്ങൾ ഇന്ത്യൻ എംബസിയെ അറിയിക്കുക, നാട്ടിലേക്ക് കൊണ്ടു പോകുന്ന രോഗികളെ അനുഗമിക്കുന്നതിനായി നാട്ടിൽ പോകാനിരിക്കുന്ന നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടന ഏറ്റെടുക്കുന്നത്.

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സിഞ്ചു റാന്നി, വൈസ് പ്രസിഡന്റ് ബിജി ചാക്കോ, ജനറൽ സെക്രട്ടറി കെ.എസ്. ജയേഷ്, ട്രഷറർ ഇളവഴകൻ സഭാരത്നം എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ