വനിതാവേദി കുവൈത്ത് ‘നൂപുരം 2016’ നവംബർ നാലിന്
Friday, October 28, 2016 6:05 AM IST
കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്തിന്റെ ഈ വർഷത്തെ പ്രധാന സാംസ്കാരിക ഉത്സവമായ ‘നൂപുരം’ നവംബർ നാലിന് (വെള്ളി) രാവിലെ ഒമ്പതു മുതൽ സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കും.

പരിപാടിയിൽ എം.ടി. വാസുദേവൻ നായരുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതിയും ഭർത്താവും നർത്തകനുമായ ശ്രീകാന്തും

മുഖ്യാതിഥികളായിരിക്കും. കുവൈത്തിലെ പ്രമുഖ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ടീമുകൾ മാറ്റുരയ്ക്കുന്ന തിരുവാതിര മത്സരത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് സംസ്കാരിക സമ്മേളനം, കാവ്യശില്പം, നാടകം, നാടൻ പാട്ട്, നൃത്തം എന്നീ കലാപരിപാടികളും മുഖ്യാതിഥികൾ ചിട്ടപ്പെടുത്തിയ ‘ആത്മത’ എന്ന നൃത്ത വിരുന്നും അരങ്ങേറും. ആഘോഷ പരിപാടികളിൽ കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക മാധ്യമരംഗത്തെ പ്രമുഖർ സംബന്ധിക്കും.

പരിപാടിവഴി സ്വരൂപിക്കുന്ന തുക അട്ടപ്പാടിയിലെ ആദിവാസികൾക്ക് കുടിവെള്ള പദ്ധതിയുടെ നിർമാണത്തിനായി ഉപയോഗിക്കും. ആഘോഷ പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ വനിതാവേദി കുവൈത്ത് പ്രസിഡന്റ് ശാന്ത ആർ. നായർ, ജനറൽ സെക്രട്ടറി ട്ടോളി പ്രകാശ്, ജനറൽ കൺവീനർ ശ്യാമള നാരായണൻ, പബ്ലിസിറ്റി വിഭാഗം കൺവീനർ സജിത സ്കറിയ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ