യുക്മ ദേശീയ കലാമേള: ലോഗോ പ്രകാശനം ചെയ്തു
Friday, October 28, 2016 6:05 AM IST
ലണ്ടൻ: ഏഴാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബർ 23ന് കവൻട്രിയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ യുക്മ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, കലാമേള ജനറൽ കൺവീനർ മാമ്മൻ ഫിലിപ്പ്, കവൻട്രി കേരള കമ്യൂണിറ്റി പ്രസിഡന്റ് പോൾസൺ മത്തായി എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

കലാമേളയിലേക്ക് ലോഗോ ക്ഷണിച്ചുകൊണ്ടുള്ള നാഷണൽ കമ്മിറ്റിയുടെ അറിയിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യുക്മ പ്രവർത്തകരും യുക്മ സ്നേഹികളുമായ നിരവധിപേർ ലോഗോ രൂപകല്പന മത്സരത്തിൽ പങ്കാളികളായി. പ്രാഥമിക സ്ക്രീനിംഗിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട ഏഴ് ലോഗോകൾ ദേശീയ നിർവാഹക സമിതിയിൽ പരിശോധനക്കുശേഷം അതിൽനിന്നും അനുയോജ്യമായ ലോഗോ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പ്രകാശന ചടങ്ങിൽ യുക്മ നാഷണൽ സെക്രട്ടറി സജീഷ് ടോം പറഞ്ഞു. യുക്മ സൗത്ത് വെസ്റ്റ് റീജൺ പ്രസിഡന്റും യുക്മന്യൂസ് എഡിറ്റോറിയൽ ബോർഡ് അംഗവുമായ സുജു ജോസഫ് ആണ് തെരഞ്ഞെടുക്കപ്പെട്ട ലോഗോ രൂപകല്പന ചെയ്തത്. ചടങ്ങിൽ യുക്മ ദേശീയ ഭാരവാഹികളും മിഡ്ലാൻസ് റീജണൽ ഭാരവാഹികളും ഒപ്പം കവൻട്രി കേരള കമ്യൂണിറ്റി (സികെസി) ഭാരവാഹികളും പങ്കെടുത്തു.

നവംബർ അഞ്ചിന് കവൻട്രിക്കടുത്തുള്ള വാർവിക് ഷെയറിലെ ഒഎൻവി നഗർ എന്ന് നാമകരണം ചെയ്തിരിക്കുന്ന മൈറ്റൻ സ്കൂളിലാണ് ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറുക.