ഓസ്ട്രിയയിൽ കന്യാമറിയത്തിന്റെ പുരാതന തിരുസ്വരൂപം കണ്ടെത്തി
Friday, October 28, 2016 6:06 AM IST
വിയന്ന: ഓസ്ട്രിയയിലെ ബുർഗൻലാൻഡിൽ മൂന്നുറു വർഷം പഴക്കമുള്ള പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപം കണ്ടെത്തി.

ബുർഗൻലാൻഡിലെ ലൊറേറ്റോ ബസലിക്കയ്ക്ക് സമീപമുള്ള ചാപ്പലിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികെയാണ് അൾത്താരയുടെ സ്ലാബിനടിയിലായി തിരുസ്വരൂപം കണ്ടെത്തിയത്. രൂപം തകർക്കപ്പെട്ട നിലയിലാണ് സ്ലാബിനടിയിൽ സൂക്ഷിച്ചിരുന്നത്. മണ്ണുകൊണ്ട് മൂടിയിരുന്ന രൂപം ഉണ്ണിയേശുവിനെ കരങ്ങളിൽ എടുത്തിരിക്കുന്ന രീതിയിലാണുള്ളത്. എന്നാൽ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും തലകൾ വേർപെട്ട നിലയിലാണ് കണ്ടെത്തിയത്.

ചരിത്രപരമായി വളരെ മൂല്യമുള്ള രൂപമാണ് ഇതെന്ന് പുരാവസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1683 –മാണ്ടിൽ തുർക്കി സൈന്യം പടയോട്ടം നടത്തിയപ്പോൾ ഈ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്‌ടങ്ങൾ വരുത്തുകയും ഈ കപ്പേള തകർക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഈ ദേവാലയം പുതുക്കിപ്പണിതപ്പോൾ വീണ്ടും നശിപ്പിക്കപ്പെടാതിരിക്കുവാൻ തിരുസ്വരൂപം അൾത്താരയ്ക്കടിയിൽ ഒളിപ്പിച്ചതാകാം എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ കല്ലിനു മുകളിൽ വീണ്ടും പെയിന്റ് ചെയ്തിരിക്കുന്നത് ആശ്ചര്യമുളവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുസ്വരൂപം കേന്ദ്ര പുരാവസ്തു വകുപ്പിന് കൂടുതൽ അന്വേഷണങ്ങൾക്കായി കൈമാറി. അന്വേഷണങ്ങൾക്കുശേഷം തിരികെ രൂപം ബസ്ലിക്കയിൽ പൊതുജന ദർശനത്തിനായി സ്‌ഥാപിക്കുമെന്ന് വികാരി ഫാ. സ്റ്റീഫൻ ഫുക്കിറ്റ്സ് പറഞ്ഞു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ