ഡാളസിൽ പ്രതിഭകളെ ആദരിച്ചു
Friday, October 28, 2016 6:10 AM IST
ഡാളസ്: അമ്മമലയാളം സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ സാമൂഹ്യ കലാ രംഗങ്ങളിൽ സർഗാത്മക സംഭാവനകൾ അർപ്പിച്ച വ്യക്‌തികളെ ആദരിച്ചു. പ്രശസ്ത നോവലിസ്റ്റ് മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാൻസിസ്, പ്രശസ്ത നർത്തകിയും കർണാട്ടിക് സംഗീതജ്ഞയുമായ റോഹിത കൈമൾ എന്നിവരാണ് ആദരിക്കപ്പെട്ടത്.

അക്ഷരസമൂഹത്തോടും സാമാന്യജനതയോടും പ്രതിജ്ഞാബദ്ധമായ സമീപനങ്ങൾ കാത്തു സുക്ഷിക്കുന്നവരുടെ കൂട്ടായ്മ നോർത്ത് അമേരിക്കയിൽ വളർന്നു വരേണ്ടതിന്റെ ആവശ്യകതയെ മുൻ നിർത്തിയാണ് അസോസിയേഷൻ ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു.

മൂന്നു ദശാബ്ദങ്ങളിലൂടെ മലയാള ഭാഷയോടും അക്ഷരങ്ങളോടും തികഞ്ഞ പ്രതിബദ്ധത പുലർത്തി ഇരുപത്തഞ്ചോളം കൃതികൾ മലയാളത്തിനായി സമർപ്പിച്ച മാത്യു നെല്ലിക്കുന്ന്, കേരളത്തിലെ മുഖ്യ അംഗീകാരപുരസ്കാരങ്ങളായ കൊടുപ്പുന്ന അവാർഡ്, മഹാകവി ജീ അവാർഡ്, അപ്പൻതമ്പുരാൻ പുരസ്കാരം, തുടങ്ങി മുപ്പതിലേറെ അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇരുപതു വർഷമായി ഭാഷാകേരളം മാസികയുടെ മുഖ്യ പത്രാധിപർ, ഹൂസ്റ്റൺ റൈറ്റേഴ്സ് ഫോറം സംഘടനയുടെയും ഓൻലൈൻ എഴുത്തു മാസികയുടെയും സ്‌ഥാപകൻ കൂടിയാണ്.

ടെക്സസിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ച എലിക്കുട്ടി ഫ്രാൻസിസ്, ഡാളസിലേക്കുള്ള മലയാളികളായ പുതിയ കുടിയേറ്റ ജനതയ്ക്കു എന്നും ഒരു കൈചൂണ്ടിയും സഹായിയുമാണ്. എസ്എംസിസി മുൻ ദേശീയ ട്രഷററും ഇന്തോ അമേരിക്കൻ നഴ്സിംഗ് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ്.

അമേരിക്കൻ മലയാള ദൃശ്യമാധ്യമ രംഗത്തു സ്വന്തം വ്യക്‌തിത്വ സാന്നിധ്യത്താൽ ഏറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള മാധ്യമ പ്രവർത്തകനാണ് രവി എടത്വ. കേരളത്തിലെ എല്ലാ മുഖ്യധാരാ ദൃശ്യമാധ്യമങ്ങൾക്കു വേണ്ടിയും ഫ്രീലാൻസറായി പ്രവർത്തിച്ചുവരുന്നു.

ക്ലാസിക്കൽ നൃത്ത, സംഗീതാവതരണത്തിലൂടെ നോർത്ത് അമേരിക്കയിലെ ആസ്വാദകരുടെ അംഗീകാരം ഏറ്റു വാങ്ങി പ്രശസ്തിയിലേക്കുയരുന്ന റോഹിത കൈമൾ അമേരിക്കയുടെ വിവിധ സംസ്‌ഥനങ്ങളിൽ നൃത്ത പരിപാടികൾ അവതരിപ്പിച്ചു വരുന്നു. പഠനത്തോടൊപ്പം ഭരതനാട്യം അഭ്യസിപ്പിക്കുകയും ചെയ്യുന്നു.

കരോൾട്ടൻ ക്രോസ്ബി റിക്രിയേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ ജോസ് പനച്ചിപ്പുറം (പനച്ചി) മുഖ്യാതിഥിയായിരുന്നു. നടനും കഥാകൃത്തുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോൺ പിച്ചാപ്പിള്ളി, സെക്രട്ടറി സാം മത്തായി, രവി എടത്വ, രാജു ചാമത്തിൽ, ബിജു തോമസ് തുടങ്ങിയവർ സംസാരിച്ചു.