പ്രസ്റ്റൺ കത്തീഡ്രലിൽ ‘മിയെയി സാൻതി’ മത്സരം 30ന്
Saturday, October 29, 2016 3:10 AM IST
പ്രസ്റ്റൺ: പ്രസ്റ്റൺ കത്തീഡ്രൽ ഫൊറോനായുടെ പരിധിയിൽ വരുന്ന സീറോ മലബാർ വിശ്വാസി സമൂഹത്തിനായി ‘മിയെയി സാൻതി’ മത്സരം സംഘടിപ്പിക്കുന്നു.

ആഗോള കത്തോലിക്കാ സഭ നവംബർ ഒന്നിന് ലോകമെമ്പാടും സകല വിശുദ്ധരുടേയും തിരുനാളായി ആഘോഷിക്കുമ്പോൾ അതിനു മുന്നോടിയായി വിശുദ്ധരെ കൂടുതലായി മനസിലാക്കുവാനും അവരെ പ്രഘോഷിക്കുവാനും അവസരം ഒരുക്കുക എന്നതാണ് ‘മിയെയി സാൻതി’ മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്. വിവിധ പ്രായക്കാർക്കായി വേറിട്ട മത്സരങ്ങൾ ആയിരിക്കും സംഘടിപ്പിക്കുക.

ഒക്ടോബർ 30ന് (ഞായർ) രാത്രി 7.30ന് ഗ്രേറ്റ് ബ്രിട്ടൻ രൂപത സീറോ മലബാർ സഭാധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ ഉദ്ഘാടനം നിർവഹിക്കുന്നതോടെ മത്സര പരിപാടികൾ ആരംഭിക്കും. ഓരോരുത്തരും തങ്ങളുടെ നാമഹേതുവായ വിശുദ്ധരെ നന്നായി പഠിച്ചു മനസിലാക്കുവാനും അവരുടെ വിശുദ്ധ ജീവിതം അനുകരിക്കുവാൻ താത്പര്യം ഉണർത്തുവാനും അതിനോടൊപ്പം മറ്റു വിശുദ്ധരെ പറ്റി അറിയുവാനും അവരുടെ സവിശേഷമായ നന്മകളിൽ ആകർഷിക്കപ്പെടുവാനും ‘മിയെയി സാൻതി’ പ്രഘോഷണം ഉപകാരപ്രദമാകുമെന്ന് സംഘാടകർ അറിയിച്ചു.

സകല വിശുദ്ധരുടേയും അനുസ്മരണ ദിനത്തിൽ ആത്മീയമായും മാനസികമായും ഒരുങ്ങി തിരുക്കർമങ്ങളിൽ പങ്കു ചേർന്ന് ദൈവ കൃപയും വിശുദ്ധരിലൂടെ മാധ്യസ്‌ഥ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവർക്കും സഹായകരമാവട്ടെയെന്നു വികാരി ജനറാൾ റവ.ഡോ. മാത്യു ചൂരപൊയികയിൽ ആശംസിച്ചു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ