അമേരിക്കൻ ജനതയുടെ വിശ്വാസം തേടി പീറ്റർ ജേക്കബ്
Saturday, October 29, 2016 3:12 AM IST
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ആംങ്ക്സയറ്റി ണ്ട<ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഡടഅ)ണ്ട എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എന്നാൽ ഒട്ടും അപ്രധാനമല്ലാത്ത ചില പ്രാദേശിക മത്സരങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിൽ സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പാണ് ന്യൂജേഴ്സിയിലെ ഏഴാം കോൺഗ്രസേഷണൽ ഡിസ്ട്രിക്ടിൽ നടക്കുന്നത്.

കഴിഞ്ഞ നാല് തവണയും 50 ശതമാനത്തിനുമേൽ വോട്ട് നേടി ജയിച്ച റിപ്പബ്ലിക്കൻ പ്രതിനിധി ലിയോണാർഡ് ലാൻസിനെതിരെ കന്നിയങ്കം കുറിച്ചിരിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ പീറ്റർ ജേക്കബ് ആണ്. അപൂർവമായി മാത്രം ഡെമോക്രാറ്റുകൾ വിജയിക്കപ്പെട്ട ഈ മണ്ഡലം 79 ശതമാനം വെള്ളക്കാർ താമസിക്കുന്ന റിപ്പബ്ലിക്കൻ മുൻതൂക്കമുള്ള മണ്ഡലമാണ്.

ചിട്ടയായ പ്രചാരണവും ശാന്തമായ ഇടപെടലുകളും വ്യക്‌തമായ കാഴ്ചപ്പാടുകളും കൊണ്ട് എതിരാളിയെ വിളറി പിടിപ്പിച്ചിരിക്കുകയാണ് മുപ്പത്തൊന്നുകാരനായ പീറ്റർ ജേക്കബ്. വൻ ഭൂരിപക്ഷത്തിൽ രണ്ടു വർഷം മുൻപ് ഇവിടെ ജയിച്ച ലാൻസ്, വംശീയ വിദ്വേഷം പുറത്തിറക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പീറ്റർ ജേക്കബിന്റെ ചിത്രത്തോടൊപ്പം ക്രിമിനലുകളുടെയും ഭീകരരുടെയും ചിത്രം ചേർത്തുവച്ച് വെബ്സൈറ്റുകളിലും മറ്റും വിദ്വേഷം വിതക്കുകയും വെള്ളക്കാരെ ഇളക്കി തന്റെ കസേര ഉറപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇതുമൂലം രണ്ടു തവണ പീറ്റർ ജേക്കബിന്റെ വീട് ആക്രമിക്കപ്പെട്ടു.

ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റനു അവസാന നിമിഷം വരെ തലവേദന സൃഷ്‌ട്ടിച്ച് ജനപക്ഷത്തു നിലയുറപ്പിച്ച ബെർണി സാൻഡേഴ്സ് പീറ്റർ ജേക്കബിന് പിന്തുണ പ്രഖ്യാപിച്ചതോടുകൂടി അരക്ഷിതരും അനാഥരുമായി മാറിയ വെള്ളക്കാരുടെ ഒരു വലിയകൂട്ടം പീറ്ററിന് പിന്നിൽ നിരന്നു. സ്വന്തം പാർട്ടിയിൽതന്നെ ട്രംപ് ഉണ്ടാക്കിയ മുറിപ്പാടുകൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രകോപിതരായ കുറെവോട്ടർമാരെ പാർട്ടി മാറി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. മാത്രവുമല്ല ഈ മണ്ഡലത്തിലൂടെ വരാൻ പോകുന്ന ഓയിൽപൈപ്പ് ലൈനിനെ ചുറ്റിപ്പറ്റി ഇപ്പോഴത്തെ പ്രതിനിധി ലാൻസിനെതിരെ നിലനിൽക്കുന്ന ജനരോഷം എന്നിവയൊക്കെയാണ് പീറ്ററിന് അനുകൂലമാകുന്ന ഘടകങ്ങൾ.

വളരെ ലളിതമായ രീതിയിൽ പീറ്റർ കാര്യങ്ങൾ അവതരിപ്പിക്കുന്നത് മതിപ്പോടെയാണ് വോട്ടറന്മാർ വീക്ഷിക്കുന്നത്. ആറു ലക്ഷം വരുന്ന വോട്ടറന്മാരെ കഴിവതും നേരിൽ കണ്ടു വോട്ട് ചോദിക്കാനാണ് ഇനിയുള്ള സമയം അദ്ദേഹം നീക്കി വച്ചിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ ഡോവർ സെന്റ് തോമസ് ദേവാലയത്തിൽ സൺഡേ സ്കൂളിൽ പഠിക്കുമ്പോഴും അൾത്താരയിൽ ശുശ്രൂഷ ചെയ്തപ്പോഴും പീറ്ററിന്റെ വേറിട്ട ശബ്ദം പലരും ശ്രദ്ധിച്ചിരുന്നു. സെന്റ് ലൂയിസ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയ പീറ്റർ, കലാലയത്തിലും തന്റെ നേതൃത്വ പാടവം തെളിയിച്ചിരുന്നു. ചെറു പ്രായത്തിൽ തന്നെ, അരിസ്റ്റോട്ടിലും ശ്രീബുദ്ധനും ആരാധ്യപുരുഷന്മാരായി. മഹാഭാരതവും ഭഗവത് ഗീതയും പഠിക്കാൻ ശ്രമിച്ചു. വുമൺ ട്രാഫിക്കിംഗിനും ആഫ്രിക്കയിലെ ഡാർഫോറിൽ നടക്കുന്ന മനുഷ്യ കുരുതിക്കുമെതിരെ മുന്നണി പോരാളിയാളിയായി നിരത്തിലിറങ്ങി. പള്ളികളെയും കച്ചവടക്കാരെയും ആശുപത്രികളെയും സ്കൂളുകളെയും ഉൾപ്പെടുത്തി ന്യൂജേഴ്സിയിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതി വിജയകരമായി പീറ്റർ നടപ്പിലാക്കി. ജീവിതത്തിന്റെ തണുത്ത പ്രതിസന്ധികളെ നേരിൽ കണ്ട് നിറവും വർഗവും നോക്കാതെ, അവർക്കുവേണ്ടി, പ്രവർത്തിക്കുവാൻ കഴിയുന്നത് ഈ ചെറുപ്പക്കാരനെ വിനയാന്വതനാക്കുന്നു.

ആദ്രതയും കാരുണ്യവും കണ്ടെത്താൻ പീറ്ററിനു മാർഗദീപമായിരുന്ന പിതാവ് ജേക്കബ് പീറ്ററും മാതാവ് ഷീലയും സഹോദരി ബിനുവും സുഹൃത്തുക്കളും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്.

കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശിയായ പീറ്ററിന് സ്വദേശത്തും പിന്തുണ നേർന്നുകൊണ്ട്, ഫ്ളക്സ് ബോർഡ് ഒരുക്കി നിരവധിപേർ വിജയം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.

<ആ>റിപ്പോർട്ട്: വർഗീസ് കോരസൺ