ഇമെയിൽ വിവാദം വീണ്ടും പുകയുന്നു; കേസ് പുനപരിശോധിക്കുമെന്ന് എഫ്ബിഐ ഡയറക്ടർ
Saturday, October 29, 2016 3:13 AM IST
വാഷിംഗ്ടൺ: എഫ്ബിഐ എഴുതി തള്ളിയ ഇമെയിൽ കേസ് പുനഃപരിശോധിക്കുമെന്ന് യുഎസ് കോൺഗ്രസിലെ സമുന്നത നേതാക്കൾക്ക് എഫ്ബിഐ ഡയറക്ടർ ജയിംസ് കോമി എഴുതിയ കത്തിൽ വെളിപ്പെടുത്തി. പക്ഷേ എഴുത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ കോമി തയാറായില്ല.

ക്ലിന്റന്റെ ഏറ്റവും അടുത്ത സഹായികളായിരുന്ന മുൻ കോൺഗ്രസ്മാൻ വീനർ ഭാര്യ ഹുമ അബ്ദിൻ എന്നിവരിൽനിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നാണ് പുതിയ തെളിവുകൾ കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്‌ഥരിൽനിന്നും ഒരു ദിവസം മുമ്പു ലഭിച്ച വിവരണങ്ങളുടെ അടിസ്‌ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് ഡയറക്ടർ പറഞ്ഞു.

പുതുതായി ലഭിച്ച വിവരങ്ങൾ വിലയിരുത്തി വീണ്ടും അന്വേഷണം പൂർത്തീകരിക്കുവാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.

ജസ്റ്റീസ് ഡിപ്പാർട്ടുമെന്റിന്റെ അനുമതിയോടെ കഴിഞ്ഞ ജൂലൈയിൽ അന്വേഷണം അവസാനിപ്പിച്ചതിൽ ട്രംപും ജിഒപി നേതാക്കളും എഫ്ബിഐ ഡയറക്ടറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

എഫ്ബിഐ അറിയിപ്പ് വന്നതോടെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ട്രംപ് ഡയറക്ടറുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് പ്രസ്താവനയിറക്കി. ന്യൂഹാം ഷെയറിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിൽ ഹില്ലരി അധികാരം ദുർവിനിയോഗം ചെയ്തതായും ഇത്തരം ക്രിമിനൽ സ്കീം ഓവൽ ഓഫീസിൽ കൊണ്ടുവരുന്നതിന് അനുവദിക്കരുതെന്നും വോട്ടർമാർക്ക് നിർദേശം നൽകി. ഏതായാലും തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കിനിൽക്കെ എഫ്ബിഐ ഡയറക്ടറുടെ തിരുമാനം ഹില്ലരി ക്യാമ്പിന് ഞെട്ടിച്ചിരിക്കുകയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ