ഏക സിവിൽകോഡ്: പ്രമേയം അവതരിപ്പിച്ചു
Saturday, October 29, 2016 6:08 AM IST
ദോഹ: വ്യത്യസ്ത ജാതി, മത, ഭാഷ, സാംസ്കാരിക, സാമൂഹ്യ, ചിന്താധാരകൾ നിലനിൽക്കുന്ന ഭാരതത്തിൽ ജനങ്ങൾ തികഞ്ഞ സഹവർത്തിത്വത്തോടെ സഹവസിക്കുന്ന അവസ്‌ഥക്ക് മാറ്റം വരുത്താനും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭയാശങ്ക ഉളവാക്കാനും മാത്രമേ ഏക സിവിൽകോഡ് കൊണ്ട് സാധ്യമാകൂ എന്ന് ഖത്തർ കാസർഗോഡ് മുസ്ലിം ജമാ അത്ത് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ വിലയിരുത്തി

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശമാണ് ഇഷ്‌ട്ടമുള്ള മതം തെരഞ്ഞെടുക്കാനും ആചരിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം.

വ്യക്‌തി തലത്തിൽ ഓരോ മത വിശ്വാസിക്കും അവരുടെ വിശ്വാസത്തിന്റെ പൂർത്തീകരണത്തിന് നിർബന്ധമായി പാലിക്കേണ്ട ധാർമികവും പൊതു സമൂഹത്തിനുനേരായ ദിശാബോധവും നൽകുന്ന നിലവിലുള്ള സിവിൽ നിയമങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ വരുത്തുന്നതും തടസങ്ങൾ സൃഷ്‌ടിക്കുന്നതും ശരിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

ചടങ്ങ് മുഖ്യ രക്ഷാധികാരി എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യുസുഫ് ഹൈദർ അധ്യക്ഷത വഹിച്ചു. സ്വകാര്യ സന്ദർശനാർഥം ഖത്തറിൽ എത്തിയ എസ്കെഎസ്എസ്എഫ് മുൻ സംസ്‌ഥാന വൈസ് പ്രസിഡന്റ് ബഷീർ ദാരിമിക്ക് യോഗം സ്വീകരണം നൽകി. ജനറൽ സെക്രട്ടറി എം. ലുഖ്മാനുൽ ഹക്കീം, ആദം കുഞ്ഞി തളങ്കര, മൊയ്തീൻ ആദൂർ, ഇഖ്ബാൽ ആനബാഗിൽ, ഷാനിഫ് പൈക്ക, ബഷീർ ചെർക്കള, ഫൈസൽ ഫില്ലി, ബഷീർ ദാരിമി, ട്രഷറർ പി.എസ്. ഹാരിസ് എന്നിവർ പ്രസംഗിച്ചു.