‘ബോംഴൂർ മയ്യഴി’ കല കുവൈത്ത് ഹ്രസ്വചിത്ര പ്രദർശനം
Monday, October 31, 2016 1:54 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ നേതൃത്വത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും, എഴുത്തുകാരനും, ചലച്ചിത്ര നിരൂപകനുമായ ഇ.എം. അഷറഫ് രചനയും സംവിധാനവും നിർവ്വഹിച്ച ’ബോംഴൂർ മയ്യഴി’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ വിവിധ കൃതികളിലെ കഥാപാത്രങ്ങൾ അദ്ദേഹത്തോട് തന്നെ സംവദിക്കുന്നത് പ്രമേയമാക്കിയാണ് ഇ.എം. അഷറഫ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മംഗഫ് കല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ നൂറുകണക്കിനാളുകളാണ് ചിത്രം വീക്ഷിച്ചത്.

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ഇ.എം. അഷറഫ് തന്നെ പ്രദർശനത്തിൽ പങ്കെടുത്തത് ആളുകൾക്ക് ആവേശമായി. പരിപാടിയിൽ വച്ചു ചിത്രത്തിന്റെ തിരക്കഥ പുസ്തകം കല കുവൈത്ത് പ്രസിഡന്റ് ആർ. നാഗനാഥന് ഇ.എം. അഷറഫ് കൈമാറി. പ്രദർശനത്തിനു ശേഷം സംഘടിപ്പിച്ച ചോദ്യോത്തരവേളയിൽ പ്രേക്ഷകരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും സംവിധായകൻ തന്നെ നേരിട്ട് മറുപടി നൽകി. കല കുവൈത്ത് പ്രസിഡന്റ് ആ. നാഗനാഥൻ, സെക്രട്ടറി സി.കെ. നൗഷാദ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ജിജോ ഡൊമിനിക്, ടി.വി. ഹിക്മത്ത് തുടങ്ങിയവർ പ്രദർശനത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ