കെഎംസിസി ഹജ്‌ജ് വളണ്ടിയർമാരെ മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു
Monday, October 31, 2016 1:54 AM IST
ജിദ്ദ: സൗദി ഹജ്‌ജ് സെല്ലിനുകീഴിൽ ഈവർഷം വോളണ്ടിയർ സേവനം നടത്തിയ മലപ്പുറം ജില്ലയിൽ നിന്നുള്ള വളണ്ടിയർമാരെ ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ആദരിച്ചു. ശറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാലയാട്ട് ഉദ്ഘാടനം ചെയ്തു.

പരിശുദ്ധ ഹജ്‌ജ് കർമ്മം നിർവ്വഹിക്കുവാൻ പുണ്യ ഭൂമിയിലെത്തിയ തീർത്ഥാടകർക്ക് മികവുറ്റ സേവനം കാഴ്ച വെച്ച കെഎംസിസി വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ അഭിമാനകരവും ഏറെ പ്രശംസനീയവുമാണെന്നു അഹമ്മദ് പാലയാട്ട് പറഞ്ഞു. ഭാഷാ പരിജ്‌ഞാനവും സ്‌ഥലപരിചയവുമില്ലാത്ത വൃദ്ധരടക്കമുള്ള ഹജ്‌ജ് തീർത്ഥാടകർക്ക് വിശിഷ്യ മലയാളികളടക്കമുള്ളവർക്ക് സേവനം ചെയ്യാൻ എല്ലാ വർഷവും മുൻപന്തിയിൽ നിന്ന് നേതൃത്വം നൽകുന്ന മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയെ ഏറെ പ്രകീർത്തിക്കെണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സൗദി ഹജ്‌ജ് സെല്ലിന് കീഴിൽ മലപ്പുറം ജില്ലയിൽ നിന്ന് വളണ്ടിയർ സേവനം നടത്തിയ മുഴുവൻ വോളണ്ടിയർമാരേയും മൊമെന്റോ നൽകി ആദരിക്കുകയും മികവുറ്റ സേവനം നടത്തിയ വോളണ്ടിയർ ക്യാപ്റ്റൻ അഹമ്മദ് ബാവ തെക്കിനിയെ ഷാൾ അണിയിക്കുകയും ചെയ്തു.

മലപ്പുറം ജില്ല പ്രസിഡന്റ് വി.പി.മുസ്തഫയുടെ അധ്യക്ഷതയിൽ സയ്യിദ് ഹിഷാം ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ സെൻട്രൽ കമ്മിറ്റി ജനറൽസെക്രട്ടറി അബൂബക്കർ അരിമ്പ്ര, സി.കെ.റസാഖ് മാസ്റ്റർ, സയ്യിദ് സഹൽ തങ്ങൾ, നിസാം മമ്പാട്, മജീദ് പുകയൂർ, സികെ.ശാക്കിർ, വളണ്ടിയർ ക്യാപ്റ്റന്മാമാരായ ഉമ്മർ അരിപ്പാമ്പ്ര, അബൂബക്കർ അത്തോളി, കെ.പി.കുഞ്ഞാലൻകുട്ടി മങ്കട എന്നിവർ വോളണ്ടിയർമാർക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജില്ല ജനറൽ സെക്രട്ടറി മജീദ് കൊട്ടീരി, ഭാരവാഹികളായ ജമാൽ ആനക്കയം, സയ്യിദ് ഉബൈദുള്ള തങ്ങൾ, ലത്തീഫ് മുസ്ലിയാരങ്ങാടി, പി.എം.എ.ഗഫൂർ പട്ടിക്കാട്, പി.സി.എ. റഹ്മാൻ, മജീദ് പൊന്നാനി, അബൂബക്കർ അരീക്കോട്, ലത്തീഫ് ചാപ്പനങ്ങാടി, ഇല്യാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം, എന്നിവർ നേതൃത്വം നൽകി. വി.പി. ഉനൈസ് തിരൂർ സ്വാഗതവും മജീദ് അരിമ്പ്ര നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മുസ്തഫ കെ.ടി. പരുവല്ലൂർ