ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ സ്‌ഥാപക ദിനം ആഘോഷിച്ചു
Monday, October 31, 2016 3:34 AM IST
ദമാം: വിദ്യാർഥികളുടെ എണ്ണംകൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ സ്കൂളായ ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മുപ്പത്തിനാലാമത് സ്‌ഥാപക ദിനം ആഘോഷിച്ചു.

പതിനഞ്ചു അധ്യാപകരും 250 വിദ്യാർഥികളുമായി 1982 ൽ പ്രവർത്തനം ആരംഭിച്ച ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഇന്ന് വിവിധ സെക്ഷനുകളിലായി 18,350 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

34 വർഷങ്ങൾക്കൊണ്ട് സ്കൂളിനുണ്ടായ വളർച്ചയും ഇന്ത്യയും സൗദിയും തമ്മിലുള്ള ഊഷ്മള ബന്ധത്തിനും ഉദാഹരണമാണ് മുപ്പത് ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാർ ഇവിടെ ജോലിചെയ്യുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു. സൗദിയുടെ വളർച്ചക്ക് ഇന്ത്യൻ സമൂഹം നൽകിയ സംഭാവന വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് ഷാഫി സ്കൂളിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ സീനിയറായ അധ്യാപകരെ ആദരിച്ചു.

സൗദി ആരോഗ്യ മന്ത്രാലയ മുൻ ഡയറക്ടർ ഡോ. അഹമ്മദ് അൽ അലി, എംബസിയുടെ സ്കൂൾ നിരീക്ഷകൻ ഡോ. ഹിഫ്സുർ റഹ്മാൻ, സ്കൂൾ ചെയർമാൻ അബ്ദുൾ വാരിസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തുടർന്നു കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

അനിൽ കുറിച്ചിമുട്ടം