‘ഏക സിവിൽ കോഡ് ഭരണ ഘടനാ വിരുദ്ധം’
Monday, October 31, 2016 3:39 AM IST
കുവൈത്ത്: ഇന്ത്യൻ ഭരണഘടനയുടെ 36 മുതൽ 51 വരെയുള്ള മാർഗ നിർദേശക തത്വങ്ങളിൽ പെട്ട 44ആം വകുപ്പാണ് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന പരാമർശമുള്ളത്. എന്നാൽ ഇതിന്റെ ആമുഖത്തിലും 37 ആം വകുപ്പിലും ഈ നിർദേശങ്ങൾ നടപ്പാക്കാൻ കോടതിക്ക് ഭരണകൂടത്തോട് ആവശ്യപ്പെടാൻ അവകാശമില്ലെന്നിരിക്കെ ഈ അധികാരത്തെ ഹനിക്കുന്ന വിധം ഏക സിവിൽകോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത് ഭരണ ഘടന വിരുദ്ധമാണെന്ന് അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. കുവൈത്തിലെ അബാസിയ കമ്യൂണിറ്റി ഹാളിൽ വാഫി കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച വാഫി എഡ്യൂകേഷണൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടയുടെ 25ആം വകുപ്പിൽ ഓരോ വ്യക്‌തിക്കും തന്റെ മനസാക്ഷിക്കനുസ്രതമായ മതം വിശ്വസിക്കാനും അനുഷ്‌ടിക്കാനും അത് പ്രചരിപ്പിക്കാനും അവകാശം നൽകുന്നു. ഇത് ഒരു പൗരന്റെ മൗലികാവകാശമാണ്. ഇതേ മാർഗ നിർദേശക തത്ത്വങ്ങളിൽപെട്ട മധ്യ നിരോധനം, പതിനാല് വയസാകുന്നതോടെ എല്ലാവർക്കും നിർബന്ധ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ നടപ്പാക്കാൻ ശ്രമിക്കാതെ, ഏക സിവിൽ കോഡ് മാത്രം എടുത്ത് ഉദ്ധരിക്കുന്നത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ