ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് അവാർഡ്
Monday, October 31, 2016 3:39 AM IST
ദോഹ: ഖത്തർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് ഏറ്റവും നൂതനമായ മാർക്കറ്റിംഗ് ഉത്പന്നത്തിനുള്ള കാലിക്കട്ട് സർവകലാശാലയുടെ അവാർഡ്. സർവകലാശാലയുടെ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പാണ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയെ അവാർഡിന് തെരഞ്ഞെടുത്തത്. മാനേജ്മെന്റ് വിദ്യാർഥികളുടെ മാർക്കറ്റിംഗ് ഗവേഷണത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി ഉപഭോക്‌താക്കൾക്കും സംരംഭകർക്കും ഒരുപോലെ ഉപകാരപ്രദവും ആകർഷകവുമാണെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി.

യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ സർവകലാശാല വൈസ് ചാർസിലർ ഡോ. കെ. മുഹമ്മദ് ബഷീറിൽ നിന്നും ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ലസ് സിഇഒ യുമായ അമാനുള്ള വടക്കാങ്ങര അവാർഡ് ഏറ്റുവാങ്ങി. പ്രോ വൈസ് ചാൻസിലർ ഡോ. പി. മോഹൻ, കൊമേർസ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. വിജയ ചന്ദ്രൻ പിള്ള, സ്റ്റാഫ് കോർഡിനേറ്റർ ഡോ. ബി. ജോൺസൺ, ഫാക്കൾട്ടി മെംബർ ഡോ. ഇ.കെ. സതീശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.